
കോഴിക്കോട്: കർണാടകത്തിലെ മാണ്ഡ്യയിൽ (mandya) മരിച്ച നിലയിൽ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ (Jamsheed) മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. ട്രെയിൻ തട്ടിയാണ് മരണമെന്ന കൂട്ടുകാരുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ട്രെയിൻ തട്ടിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തിൽ ഇല്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ജംഷീദിന്റെ ഫോൺ നഷ്ടപെട്ടതിൽ ദുരൂഹതയുണ്ട്. മരണ ശേഷമാണ് ഫോൺ നഷ്ടമായെന്നവിവരമറിയുന്നത്. സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് ഉളളിക്കാം കുഴിയിൽ ജംഷിദ് കഴിഞ്ഞ ശനിയാഴ്ച്ചയാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിലേക്ക് യാത്രപോയത്. ബുധനാഴ്ച്ച ജംഷിദിന് അപകടം പറ്റിയെന്ന് സുഹൃത്തുക്കള്‍ വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് മാണ്ഡ്യയിലെത്തിയ ബന്ധുക്കളോട് ജംഷിദ് ട്രെയിൻ തട്ടി മരിച്ചുവെന്ന് സുഹൃത്തുക്കള്‍ അറിയിക്കുകയായിരുന്നു. എന്നാൽ സുഹൃത്തുക്കൾ ജംഷീദിനെ അപായപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കൂടെയുണ്ടായവര്‍ സംഭവശേഷം അന്വേഷിക്കുക പോലും ചെയ്തില്ലെന്നും മരണത്തിൽ സുഹൃത്തുക്കൾക്ക് ലഹരി മാഫിയ ബന്ധമുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
മാണ്ഡ്യയില്‍ റെയില്‍വേ ട്രാക്കിനടുത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി, ദുരൂഹത
കഴിഞ്ഞ ബുധനാഴ്ചയാണ് ജംഷീദിനെ കർണാടകയിലെ മാണ്ഡ്യയിലെ റയിൽവെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച മടങ്ങും വഴി രാത്രിയിൽ മാണ്ഡ്യയിൽ റെയിവെ ട്രാക്കിന് സമീപം കാർ നിർത്തി എല്ലാവരും ഉറങ്ങിയെന്നും പിറ്റേന്ന് രാവിലെയാണ് ജംഷിദ് ട്രാക്കിന് സമീപം മരിച്ച് കിടക്കുന്നത് കണ്ടതെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ വീട്ടുകാരോട് പറഞ്ഞത്. അഫ്സൽ എന്ന സുഹൃത്തിനൊപ്പം യാത്രപോകുന്നെന്ന് പറഞ്ഞാണ് ജംഷിദ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ ഇയാൾ നാട്ടിൽത്തന്നെയുണ്ടായിരുന്നതും ദുരൂഹമെന്നാണ് മാതാപിതാക്കളുടെ പരാതി. എന്നാൽ ജംഷിദിന്‍റെ മരണം ആത്മഹത്യയെന്നാണ് മാണ്ഡ്യ പൊലീസ് നൽകിയ വിവരം.
എന്നാൽ കുടുംബത്തിന്റ ആരോപണം തെറ്റാണെന്നും കർണാടകയിൽ വെച്ച് രണ്ടു തവണ ജംഷീദ് ആത്മഹത്യാപ്രവണത കാണിച്ചുവെന്നും ഒപ്പം യാത്ര ചെയ്ത സുഹൃത്ത് ഫെബിൻ പറയുന്നു. ആത്മഹത്യയിലെ ദുരൂഹത പുറത്തുവരണം. ബംഗലൂരുവിൽ വെച്ച് ജംഷീദ് മറ്റൊരു സുഹൃത്തിനെ കാണാൻ പോയിരുന്നു. അതിന് ശേഷം ഒന്നര ദിവസം കഴിഞ്ഞാണ് ജംഷീദ് വീണ്ടും കൂടെ ചേർന്നതെന്നും സുഹൃത്തുക്കൾ വിശദീകരിച്ചു.
ബംഗ്ലൂരുവിൽ ആരെ കാണാൻ ജംഷീദ് പോയെന്നതിൽ വ്യക്തമല്ലെന്നും ഫോൺ കോളുകൾ ഉൾപ്പടെ പരിശോധിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങളറിയാനും വ്യക്തത വരുത്താനും കഴിയൂ എന്നും പൊലീസ് അറിയിച്ചു. മാതാപിതാക്കളുടെതുൾപ്പടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്നും കൂരാച്ചുണ്ട് പൊലീസ് അറിയിച്ചു. മരണകാരണം വ്യക്തമാകാൻ ജംഷീദിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടും പുറത്ത് വരേണ്ടതുണ്ട്.