
പാലക്കാട്: ജോലി തിരക്കിനിടയിൽ വനിത ടിടിഇയുടെ മൊബൈൽ ഫോൺ തന്ത്രപൂർവം മോഷ്ടിച്ച് കടന്ന് കളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് മാറാട് റഷീദ് റെയിൽവെ പൊലീസിന്റെ പിടിയിലായി. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് റഷീദ്.
ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടിക്കറ്റ് പരിശോധന ജോലി കഴിഞ്ഞ് കളക്ഷൻ തുക കൗണ്ടറിൽ അടയ്ക്കാൻ എത്തിയതായിരുന്നു കൊല്ലം സ്വദേശിയായ ടിടിഇ സിന്ധു. ഇവരുടെ അടുത്തെത്തിയ മോഷ്ടാവ് ആയിരം രൂപക്ക് ചില്ലറ ചോദിച്ചു. ശ്രദ്ധ മാറിയ സമയം പരാതിക്കാരിയുടെ വില കൂടിയ മൊബൈൽ ഫോൺ കൈവശപ്പെടുത്തി മുങ്ങുകയുമായിരുന്നു പ്രതി. തുടർന്ന് ടിടിഇ റെയിൽവേ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയുമായിരുന്നു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കളവ് മുതൽ സഹിതം ഷൊർണൂരിൽ നിന്നും റെയിൽവേ പൊലീസ് മോഷ്ടാവിനെ പിടികൂടി.
കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ നാവ് മോഷണ കേസുകളും ഗാന്ധി നഗർ, അമ്പലപ്പുഴ, തൃശൂർ മെഡിക്കൽ കോളേജ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഓരോ കേസും ഇയാൾക്കെതിരെയുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam