മൂന്നാം കെജ്രിവാള്‍ സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭ യോഗം ഇന്ന്, ഗ്യാരന്റി കാർഡിൽ തീരുമാനമായേക്കും

By Web TeamFirst Published Feb 19, 2020, 8:35 AM IST
Highlights

എല്ലാവര്‍ക്കും കുടിവെള്ളം, വീട്, സൗജന്യ വൈദ്യുതി, സൗജന്യ യാത്ര എന്നിവയടക്കം പത്ത് വാഗ്ദാനങ്ങളാണ് ഗ്യാരന്‍റി കാര്‍ഡില്‍ നല്‍കിയിരിക്കുന്നത്. നൂറ് ദിവസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചന

ദില്ലി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായ പശ്ചാത്തലത്തില്‍, പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഗ്യാരന്‍ഡി കാര്‍ഡ് യാഥാർത്ഥ്യമാക്കുന്നതിൽ പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും.

എല്ലാവര്‍ക്കും കുടിവെള്ളം, വീട്, സൗജന്യ വൈദ്യുതി, സൗജന്യ യാത്ര എന്നിവയടക്കം പത്ത് വാഗ്ദാനങ്ങളാണ് ഗ്യാരന്‍റി കാര്‍ഡില്‍ നല്‍കിയിരിക്കുന്നത്. നൂറ് ദിവസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചന. ദില്ലി നിയമസഭാ സമ്മേളനത്തിന്റെ തീയ്യതിയും ഇന്ന് തീരുമാനിക്കും.

കഴിഞ്ഞ മന്ത്രിസഭയിൽ ജലവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇത്തവണ മറ്റ് വകുപ്പുകളില്ല. തൊഴിൽ, നഗര വികസനം എന്നിവയ്ക്കൊപ്പം സത്യേന്ദ്ര കുമാർ ജെയിനാണ് ജലവകുപ്പിന്റെ ചുമതല വഹിക്കുക. 

പരിസ്ഥിതി, തൊഴിൽ, വികസനം എന്നിവ ഗോപാൽ റായിയും വനിത ശിശുക്ഷേമ വകുപ്പുകളുടെ ചുമതല രാജേന്ദ്ര പാൽ ഗൗതമും വഹിക്കും. ഉപമുഖ്യമന്ത്രി മനീഷ്സിസോദിയയുടെ വകുപ്പുകളിൽ മാറ്റമില്ല. വിദ്യാഭ്യാസം, ധനം, ടൂറിസം ഉൾപ്പടെ പതിനൊന്ന് വകുപ്പുകളുടെ ചുമതലയാണ് മനീഷ് സിസോദിയ വഹിക്കുന്നത്. 

ഇമ്രാൻ ഹുസ്സൈൻ ഭക്ഷ്യ സിവിൽ സപ്ലൈസും കൈലോഷ് ഖെലോട്ട് നിയമം, ട്രാൻസ്പോർട്ട് തുടങ്ങിയ വകുപ്പുകളുമാണ് വഹിക്കുന്നത്.

click me!