
ചെന്നൈ: തമിഴ്നാട് മധുര തിരുപ്പരങ്കുൺട്രം മലയിലെ ദീപം തെളിക്കലുമായി ബന്ധപ്പെട്ട് ഇന്ന് നിർണായകം. കോടതി അനുമതിയിൽ ദീപം തെളിക്കാൻ എത്തിയ ഹിന്ദു സംഘടനാ നേതാക്കളെ പൊലീസ് തടഞ്ഞതോടെ മധുര ബഞ്ചിലെ ഇന്നത്തെ തുടർനടപടികള്‍ നിര്‍ണായകമാണ്. സിക്കന്ദർ ദർഗയുടെ അടുത്തുള്ള ദീപത്തൂണിൽ ദീപം തെളിക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിക്കും. ഹിന്ദു മുന്നണി നേതാവിന്‍റെ ഹർജിയാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനാണ് പരിഗണിക്കുന്നത്. സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് ഇന്നലെ രാത്രി ഏഴിന് മലയിലെത്തിയ ഹർജിക്കാരനെയും ബിജെപി നേതാക്കളെയും പൊലീസ് തടഞ്ഞിരുന്നു. ദീപത്തൂണിൽ ദീപം തെളിക്കണമെന്ന ഡിസംബർ ഒന്നിലെ ഉത്തരവിനെതിരെ സർക്കാർ നൽകിയ റിട്ട് ഹർജി ഇന്ന് ഡിവിഷൻ ബഞ്ചും പരിഗണിക്കുന്നുണ്ട്.
ദീപം തെളിക്കുന്നത് എവിടെ വേണമെന്ന് 2014ലെ കേസിൽ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റൊരു ഉത്തരവും സർക്കാർ അംഗീകരിക്കില്ലെന്നും നിയമമന്ത്രി എസ്. രഘുപതി വ്യക്തമാക്കിയിരുന്നു.തിരുപ്പരങ്കുൺട്രം മലയിലെ ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ മാത്രമാണ് ദീപം തെളിയിക്കേണ്ടതെന്നാണ് 2014 ലെ ഹൈക്കോടതി ഉത്തരവെന്നും രഘുപതി പറഞ്ഞു.സിക്കന്ദര്‍ ദര്‍ഗക്ക് സമീപമുള്ള ദീപത്തൂണിൽ ദീപം തെളിയിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേസമയം, വിഷയത്തിൽ വിജയ് അധ്യക്ഷനായ ടിവികെ നിലപാട് വ്യക്തമാക്കാത്തതിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം, മധുര തിരുപ്പരങ്കുൺട്രം ദീപം തെളിക്കലിന്‍റെ പേരിൽ ബിജെപിയും ആർഎസ്എസും തമിഴ്നാട്ടിൽ വർഗീയരാഷ്ട്രീയത്തിന് ശ്രമിക്കുന്നതായി ഡിഎംഎകെ നേതാവ് കനിമൊഴി ആരോപിച്ചു. മധുരയിലെ ജനങ്ങളും തമിഴ്നാട് സർക്കാരും ഒന്നിച്ചു ഇതിനെ തോല്പിക്കുമെന്നും കനിമൊഴി പറഞ്ഞു.
ഇന്നലെ രാത്രിയാണ് കോടതി ഉത്തരവ് പ്രകാരം ദീപം തെളിയിക്കാൻ മലയിലെത്തിയ ഹര്‍ജിക്കാരനടക്കമുള്ളവരെ പൊലീസ് തടഞ്ഞത്. സ്ഥലത്തെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രയെയും മറ്റു ബിജെപി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഉത്തരവ് നടപ്പായോ എന്നറിയാൻ രാത്രി പത്തരയ്ക്ക് കോടതി വീണ്ടും കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് സ്വാമിനാഥൻ അറിയിച്ചിരുന്നെങ്കിലും പിന്നീട് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സുപ്രീം കോടതിയെ സമീപിക്കുന്നതും ഡിഎംകെ സർക്കാർ ആലോചിക്കുന്നുണ്ട്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് വർഗീയ സംഘർഷം ഉണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാണ് ഡിഎംകെയുടെ നിലപാട്.