ശബരിമല സ്വർണക്കൊള്ള; എൻ വാസുവിന്‍റെ റിമാൻ‍ഡ് കാലാവധി ഇന്ന് അവസാനിക്കും, വിജിലൻസ് കോടതിയിൽ ഹാജരാക്കും

Published : Dec 05, 2025, 06:41 AM IST
N vasu SIT custody

Synopsis

റിമാൻഡ് നീട്ടുന്നതിനായി വാസുവിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. നേരത്തെ ഒരു തവണ റിമാൻഡ് നീട്ടിയിരുന്നു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയായ വാസു സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഡിസംബർ 3 ന് തള്ളിയിരുന്നു.

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ വാസുവിൻ്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് നീട്ടുന്നതിനായി പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. നേരത്തെ ഒരു തവണ റിമാൻഡ് നീട്ടിയിരുന്നു. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയായ വാസു സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഡിസംബർ 3 ന് തള്ളിയിരുന്നു. 

2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിൻ്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ താൻ വിരമിച്ചതിന് ശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും കുറ്റക്കാരനല്ലെന്നുമാണ് എൻ വാസുവിൻ്റെ വാദം. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തത്. അതിനെ ശുപാർശയെന്ന് പറയാനാകില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും വാസുവിന് കോടതി ജാമ്യം തള്ളുകയായിരുന്നു.

അതേസമയം, ശബരിമല സ്വർണപാളി കേസിന്‍റെ രേഖകൾ ആവശ്യപ്പെട്ട് ഇഡി ഇന്ന് കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കും. എഫ്ഐആറും അനുബന്ധ രേഖകളും വേണമെന്നാണ് ആവശ്യം. സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന് കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിജിലൻസ് കോടതിയെ സമീപിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചതോടെയാണ് ഇന്ന് അപേക്ഷ നൽകുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗം കൂടി കേട്ട ശേഷമേ രേഖകൾ കൈമാറണോ വേണ്ടയോ എന്ന് വിജിലൻസ് കോടതി തീരുമാനിക്കാവൂ എന്നും ഹൈക്കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

Malayalam News Live:രാഹൂൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന് ഇന്ന് നിർണായകം, ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും