ദില്ലി: ശബരിമല ക്ഷേത്രത്തിന്‍റെ തിരുവാഭരണം പന്തളം രാജകുടുംബത്തിന്‍റെ കൈവശം തുടരുന്നതിൽ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടോ എന്നത് സുപ്രീംകോടതി ഇന്ന് പരിശോധിക്കും. തിരുവാഭരണത്തിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലി കൊട്ടാരത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തര്‍ക്കത്തിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു.
തിരുവാഭരണത്തിന്‍റെ കാര്യങ്ങൾ നിരീക്ഷിക്കാൻ ഒരു പ്രത്യേക ഓഫീസറെ നിയമിക്കാത്തത് എന്തുകൊണ്ടെന്ന് സംസ്ഥാന സർക്കാരിനോടും കോടതി ചോദിച്ചിരുന്നു. കോടതി ആവശ്യപ്പെട്ടാൽ തിരുവാഭരണത്തിന്‍റെ സുരക്ഷാ ചുമതല ഏറ്റെടുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും.
വളരെ കരുതലോടെയാണ് തിരുവാഭരണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ സർക്കാർ മറുപടി നൽകുന്നത്. പന്തളം കൊട്ടാരത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സ്വകാര്യതർക്കത്തിൽ വിവാദനിലപാടെടുത്ത് പണി വാങ്ങാനില്ലെന്നാണ് സർക്കാർ തീരുമാനം.
തിരുവാഭരണങ്ങൾ സർക്കാർ ഏറ്റെടുക്കാനില്ലെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യാഴാഴ്ച വ്യക്തമാക്കിയത്. കോടതിയാവശ്യപ്പെട്ടാൽ പന്തളം കൊട്ടാരത്തിൽ സൂക്ഷിക്കുന്ന തിരുവാഭരണത്തിന് കൂടുതൽ സുരക്ഷ ഒരുക്കാമെന്നാണ് സർക്കാർ നിലപാട്.
യുവതീപ്രവേശനത്തിലെന്ന പോലെ തിരുവാഭരണത്തിലും വിശ്വാസികളോട് ഏറ്റുമുട്ടാൻ സർക്കാരില്ല. പന്തളം കൊട്ടാരത്തിൽ തിരുവാഭരണം സുരക്ഷിതമാണോ എന്ന സുപ്രീം കോടതി ചോദ്യം, സർക്കാരിന് ഇടപെടാനുള്ള അവസരമാണൊരുക്കിയത്. പക്ഷെ ചാടിപ്പിടിച്ചൊരു തീരുമാനവും വേണ്ടെന്നാണ് സർക്കാർ നിലപാട്.
തിരുവാഭാരണം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.മൂന്നൂറിലേറെ അംഗങ്ങളുള്ള പന്തളം കൊട്ടാരത്തിലെ വലിയ കോയിക്കൽ, കൊച്ചുകോയിക്കൽ ശാഖകൾ തമ്മിലെ തർക്കമാണിപ്പോൾ കോടതി കയറിയത്. കൊട്ടാരം നിർവ്വാഹക സമിതിയുടെ നിലവിലെ പ്രസിഡണ്ടും സെക്രട്ടറിയും വലിയ കോയിക്കൽ ശാഖ അംഗങ്ങളാണ്.
അതേസമയം, കൊട്ടാരത്തിൽ തിരുവാഭരണം സുരക്ഷിതമാണെന്ന് കുടുംബാംഗം ശശികുമാര വർമ പറയുന്നു.
പന്തളം കൊട്ടാരത്തിന്‍റെ ഉടമസ്ഥതയിൽ തിരുവാഭരണം സൂക്ഷിക്കുന്ന നൂറ്റാണ്ടുകളായുള്ള ആചാരം തുടരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊട്ടാര തർക്കത്തിൽ ആരുടേയും പക്ഷം പിടിക്കേണ്ടെന്നും കോടതി തീരുമാനിക്കട്ടെയെന്നുമാണ് സർക്കാറിന്‍റെയും ദേവസ്വം ബോർഡിന്‍റെയും സമീപനം.
എന്നാൽ തിരുവാഭരണ സൂക്ഷിപ്പിൽ കോടതി തീരുമാനം എന്താകുമെന്ന ആശങ്ക പന്തളം കൊട്ടാര നിർവ്വാഹകസമിതിക്കൊപ്പം സർക്കാരിനുമുണ്ട്. തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും വിശ്വാസവിവാദം ശക്തമാകുമോ എന്നാണ് പേടി.
ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക. ഇതോടൊപ്പം ശബരിമല ക്ഷേത്രത്തിനായി നിയമം കൊണ്ടുവരുന്നതിന്‍റെ പുരോഗതിയും കോടതി വിലയിരുത്തും. നിയമത്തിന്‍റെ കരട് തയ്യാറാക്കാൻ കഴിഞ്ഞ ദിവസം വാദം കേട്ടപ്പോൾ സർക്കാർ കൂടുതൽ സമയം തേടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam