ശബരിമല തിരുവാഭരണ പരിശോധന ഉടന്‍ നടത്തും; മാറ്റ് നിശ്ചയിക്കാന്‍ സ്വർണ്ണ പണിക്കാരന്‍റെ സഹായം തേടും

By Web TeamFirst Published Feb 8, 2020, 3:02 PM IST
Highlights

പന്തളം കൊട്ടാരത്തിലെ അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ച ശേഷമാകും പരിശോധന നടത്തുക. 

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ തന്നെ ശബരിമല തിരുവാഭരണത്തിന്‍റെ കണക്കെടുപ്പും പരിശോധനയും നടത്തുമെന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. തിരുവാഭരണത്തിന്‍റെ കണക്കെടുപ്പ് നടത്താൻ ജസ്റ്റിസ് സി എൻ രാമചന്ദ്രനെ സുപ്രീംകോടതി നിയമിച്ചിരുന്നു. പന്തളം കൊട്ടാരത്തിലെ അംഗങ്ങൾക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ച ശേഷമാകും പരിശോധന നടത്തുക. മാറ്റ് നിശ്ചയിക്കാനായി സ്വർണ്ണ പണിക്കാരന്‍റെ സഹായം തേടും. നാല് ആഴ്ചയ്ക്കകം സുപ്രീംകോടതിയിൽ രഹസ്യ റിപ്പോർട്ട് സമർപ്പിക്കുമെന്നും സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. 

പന്തളം രാജകുടുംബത്തിലെ അവകാശ തർക്കത്തെതുടർന്നാണ് മുൻ ഹൈക്കോടതി ജഡ്ജി സി എൻ രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ തിരുവാഭരണത്തിന്‍റെ കണക്കെടുപ്പിന് സുപ്രീംകോടതി നിർദ്ദേശം നല്‍കിയത്.  തിരുവാഭരണത്തിന്‍റെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു. ആദ്യം തിരുവാഭരണം എല്ലാം ഉണ്ടോ എന്ന് പരിശോധിക്കണം. എണ്ണവും തരവും പരിശോധിച്ച് റിപ്പോര്‍ട്ട് നൽകാനാണ് റിട്ട ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ചുമതലപ്പെടുത്തിയത്. നാലാഴ്‍ച്ചയ്ക്കകം സീൽവെച്ച കവറിൽ റിപ്പോർട്ട് നൽകണം. അതിന് ശേഷം  മേൽനോട്ടം ആര്‍ക്ക് നൽകണം എന്ന് തീരുമാനിക്കും.

തിരുവാഭരണത്തിന്‍റെ മൂല്യം പരിശോധിക്കേണ്ട ആവശ്യമില്ലെന്ന സർക്കാർ നിലപാട് കോടതി അംഗീകരിച്ചു. പന്തളം കൊട്ടാരം ഭരണസമിതിക്കാണ്  നിലവിൽ തിരുവാഭരണത്തിന്‍റെ മേൽനോട്ട ചുമതല. ഇതേകുറിച്ചുള്ള രേവതി തിരുനാൾ
രാമവർമയുടെ സത്യവാംങ്മൂലത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു.  ആശുപത്രിയിൽ കഴിയുന്ന 100 വയസുള്ള രേവതി തിരുന്നാൾ രാമവർമയുടെ ഒപ്പ് തന്നെയാണോ സത്യവാംങ്മൂലത്തിലെന്ന് ഉറപ്പുവരുത്താനാണ് പത്തനംതിട്ട ജില്ലാ ജഡ്ജിയെ
നിയോഗിച്ചത്. രാമവർമയെ നേരിൽ കണ്ട് വിശ്വാസ്യത ഉറപ്പാക്കാനാണ് നിർദ്ദേശം.

click me!