
പത്തനംതിട്ട: തിരുവല്ലയിൽ പ്രണയപ്പകയിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട കേസിലാണ് പ്രതി അജിൻ റെജി മാത്യുവിനെ പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. നേരത്തെ പ്രതി കുറ്റക്കാരനാണെന്ന് അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. 2019 മാർച്ച് 12ന് തിരുവല്ലയിൽ വെച്ചാണ് ക്രൂര കൊലപാതകം നടന്നത്. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. വിധി പ്രസ്താവനത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥനെയും പ്രോസിക്യൂഷനെയും കോടതി അഭിനന്ദിച്ചു.
2019 മാർച്ച് 12ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന്, അജിൻ അവരെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കവിതയെ വഴിയിൽ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാരടക്കം ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റ കവിത പിറ്റേന്ന് തന്നെ മരിച്ചു. കൊലക്കുറ്റത്തിൽ ശക്തമായ സാക്ഷിമൊഴികളും സമര്‍പ്പിക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം നിര്‍ണായകമായി.
ദാരുണ സംഭവത്തിന്‍റെ നടക്കം ഇപ്പോഴും തിരുവല്ല നഗരത്തിന് വിട്ടുമാറിയിട്ടില്ല. ചിലങ്ക ജംഗ്ഷനിൽ റോഡിലൂടെ നടന്ന് വരികയായിരുന്ന കവിതയെ അജിൻ വഴിയിൽ തടഞ്ഞു നിർത്തി. കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് വയറ്റിൽ കുത്തി. ബാഗിലുണ്ടായിരുന്ന പെട്രോൾ പെൺകുട്ടിയുടെ തലയിലൂടെ ഒഴിച്ച് തീകൊളുത്തി. ഞൊടിയിടയിൽ തീ ആളിക്കത്തി കവിതയുടെ ദേഹമാസകലം പൊള്ളി. ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചാം ദിവസം പെൺകുട്ടി മരിച്ചു. ഹയർ സെക്കന്‍ഡറി ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഇടയ്ക്ക് പെൺകുട്ടി പിന്മാറിയെന്ന സംശയമാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചതെന്നായിരുന്നു അജിന്‍റെ മൊഴി. കവിതയെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ തീരുമാനം. കത്തിയും പെട്രോളും കയറും പ്രതിയുടെ കയ്യിലുണ്ടായിരുന്നു. സംഭവദിവസം തന്നെ പൊലീസ് പ്രതിയെ പിടികൂടി. അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam