
കൊല്ലം: ഇടതുകോട്ടയായ കൊല്ലം കോര്‍പ്പറേഷനില്‍ ചരിത്രം തിരുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തുടങ്ങി പ്രചരണത്തിന്‍റെ കളം പിടിക്കുകയാണ് യുഡിഎഫ്. മൂന്ന് പതിറ്റാണ്ട് കൊണ്ട് കൈവരിച്ച വികസന പ്രവര്‍ത്തനങ്ങളിലാണ് എല്‍ഡിഎഫിന്‍റെ ആത്മവിശ്വാസം. മുനിസിപ്പാലിറ്റിയായിരുന്ന 5 വര്‍ഷം. കോര്‍പ്പറേഷന്‍ രൂപീകരണം മുതലുള്ള 25 വര്‍ഷം. അങ്ങനെ മൂന്ന് പതിറ്റാണ്ടായി എല്‍ഡിഎഫിന്‍റെ കുത്തകയായി തുടരുന്നയിടമാണ് കൊല്ലം കോര്‍പ്പറേഷന്‍. 2000 ത്തില്‍ 23 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫിന് ഇപ്പോഴുള്ള അംഗബലം വെറും 10ആണ്. അതില്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങൾ 6. ഗ്രൂപ്പ് കലഹവും വിമത നീക്കങ്ങളുമാണ് യുഡിഎഫ് തകര്‍ച്ചയ്ക്ക് കാരണമായത്. ഇത്തവണ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനത്തോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ അങ്കം കുറിച്ചത്.
മേയര്‍ സ്ഥാനാര്‍ത്ഥി അടക്കം 13 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയാണ് തുടക്കം. നഗര പരിധിയില്‍ കുറ്റവിചാരണ യാത്ര നടത്തി. 30 വര്‍ഷ ഭരണത്തിലെ പോരായ്മകള്‍ നിരത്തുന്ന യുഡിഎഫിന്‍റെ കുറ്റപത്രവും കെപിസിസി പ്രസിഡന്‍റിനെ എത്തിച്ച് പുറത്തിറക്കി. മാലിന്യ പ്രശനവും തെരവുനായ ശല്യവും റോഡുകളുടെ പോരായ്മയും തെരുവ് വിളക്കുകളുടെ അപര്യാപ്തതയും പ്രഹസമായി മാറിയ പദ്ധതികളും തുടങ്ങി നീണ്ട നിരയാണ് കുറ്റപത്രത്തില്‍ ഉൾപ്പെട്ടിട്ടുള്ളത്. എന്നാല്‍ ആരോപണങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന ആത്മവിശ്വാസമാണ് എല്‍ഡിഎഫ് പ്രകടിപ്പിക്കുന്നത്. എൽഡിഎഫിൽ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടരുകയാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പട്ടിക പുറത്തിറക്കും. കോര്‍പ്പറേഷനിലെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരിക്കും പ്രവര്‍ത്തനമെന്ന് സിപിഎം നേതാക്കൾ വിശദമാക്കുന്നത്. കൗണ്‍സിസര്‍മാരുടെ എണ്ണത്തില്‍ കോണ്‍ഗ്രസിന് ഒപ്പമാണ് ബിജെപിയും. കഴിഞ്ഞ തവണ കൗൺസിലർമാരുടെ എണ്ണം ബിജെപി 6 ആയി ഉയര്‍ത്തി. 16 ഇടങ്ങളില്‍ രണ്ടാം സ്ഥാനത്തും. ഇത്തവണ മുന്നേറ്റം ഉറപ്പെന്നാണ് കണക്കുകൂട്ടല്‍. നിലവിലുള്ള 55 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 38 പേരുടെ കരുത്തുണ്ട്. 56 ഡിവിഷനുകളിലേക്കാണ് ഇത്തവണ മത്സരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam