
പത്തനംതിട്ട: തിരുവല്ലയിൽ ഓക്സിജൻ കിട്ടാതെയുള്ള മരണത്തിൽ അധികൃതർക്കെതിരെ മരിച്ചയാളുടെ ബന്ധു വീണ്ടും രംഗത്ത് വന്നു. ഓക്സിജൻ സിലിണ്ടറിൽ ഓക്സിജൻ ഇല്ലായിരുന്നു എന്ന് മരിച്ച ആളുടെ സഹോദരന്റെ മകൾ പിങ്കി പറഞ്ഞു. ഓക്സിജൻ ഇല്ലെന്ന് അറിയിച്ചിട്ടും ആംബുലൻസ് ഡ്രൈവർ മിണ്ടിയില്ല. ഇടക്കുള്ള ആശുപത്രിയിൽ വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ല. 3 കിലോ മീറ്റർ കഴിഞ്ഞപ്പോൾ തന്നെ രോഗിക്ക് ശ്വാസ തടസം ഉണ്ടായിരുന്നു. രോഗി തന്നെ ഇക്കാര്യം പറഞ്ഞു. ആലപ്പുഴ ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മരിച്ചു. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കാൻ പോലും കഴിയില്ലെന്ന് ആലപ്പുഴയിലെ ഡോക്ടർമാർ പറഞ്ഞെന്നും പിങ്കി വ്യക്തമാക്കി. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്സ്ചിച്ചിരിക്കുകയാണ്.
പടിഞ്ഞാറെ വെൺപാല സ്വദേശി രാജന്‍റെ മരണത്തിലാണ് പരാതി ഉയർന്നത് . ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഓക്സിജൻ തീർന്നുപോയെന്നായിരുന്നു പരാതി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു സംഭവം. ആംബുലൻസിൽ ഉണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറിലെ ഓക്സിജൻ തീർന്നു പോയെന്നാണ് ബന്ധുക്കളുടെ ആരോപണം.
ആരോപണം അടിസ്ഥാന രഹിതം എന്ന് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ. ഓക്സിജൻ ലെവൽ 38 % എന്ന ഗുരുതര നിലയിലാണ് രോഗി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിയത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത് . ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ് മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചതെന്നും തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ പറഞ്ഞു.
ഓക്സിജൻ കിട്ടാതെ അല്ല രോഗി മരിച്ചതെന്നാണ് ആംബുലൻസ് ഡ്രൈവർ ബിജോയ് പറഞ്ഞത്. ആംബുലൻസിൽ ഓക്സിജൻ തീർന്നിട്ടില്ല. രോഗി അതി ഗുരുതരാവസ്ഥയിൽ ആയിരുന്നു. ഇക്കാര്യം ഡോക്ടർ രോഗിയുടെ ബന്ധുവിനോട് പറയുന്നത് താൻ കേട്ടതാണ്. എന്തിനാണ് ഇത്തരത്തിൽ അവാസ്തവം പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ആംബുലൻസ് ഡ്രൈവർ ബിജോയ് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam