
തിരുവനന്തപുരം: തിരുവല്ലം പൊലിസിന്‍റെ കസ്റ്റഡിയിലിരിക്കെ (Thiruvallam Custody Death) മരിച്ച സുരേഷിന്‍റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. സബ്ബ് കളക്ടറുടെ സാന്നിധ്യത്തിലുള്ള ഇൻക്വസ്റ്റിന് ശേഷമാണ് സുരേഷിൻെറ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റു മോർട്ടത്തിനായി മാറ്റിയത്. അതേസമയം സുരേഷ് ഉള്‍പ്പെടെയുള്ളവർ മണിക്കൂറോളം തടഞ്ഞുവച്ച് മർദ്ദിച്ചുവെന്ന് പരാതിക്കാരായ ദമ്പതികള്‍ പറഞ്ഞു. സദാചാര ഗുണ്ടായിസം കാണിച്ചവർ പണത്തിനുവേണ്ടി മർദ്ദിക്കുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്തുവെന്ന് മർദ്ദനമേറ്റ നിഖിലും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് സുരേഷ് ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിലിരിക്കെ ഇന്നലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പ്രതിയായ സുരേഷ് മരിച്ചു. പൊലീസ് മർദ്ദിച്ചുകൊലപ്പെടുത്തിയെന് ആരോപണം ഉയർന്നതിനെ തുടർന്നാണ് സബ് കളക്ടറുടെയും മജിസ്ട്രേറ്റിൻെറയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് സാക്ഷ്യം വഹിക്കാൻ സുരേഷിൻെറ ബന്ധുക്കളുമുണ്ടായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫൊറൻസിക് ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് കംപ്ലയിസ്റ്റ് അതോററ്റി ചെയർമാൻ വി.കെ.മോഹനൻ തിരുവല്ലം സ്റ്റേഷൻ സന്ദർശിച്ചു.
ജഡ്ജികുന്നിൽ നിന്നും ചിത്രങ്ങള്‍ പകർത്താനെത്തിയ നിഖിലിനെയും ഭാര്യയും സുഹൃത്തിനെയുമാണ് ഞായറാഴ്ച വൈകുന്നേരം സ്ഥലവാസികള്‍ ആക്രമിച്ചത്. നിഖിലിൻെറ ഭാര്യയുടെ പരാതിയിലാണ് സുരേഷ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നത്. സദാചാര ഗുണ്ടായിസം കാണിച്ച മദ്യപസംഘം തടഞ്ഞുവച്ച് മർദ്ദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന് നിഖിൽ പറയുന്നു. വഴികാണിച്ചു തന്നവർ തന്നെയാണ് ട്രാപ്പിലാക്കി സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ചതെന്നും നിഖിൽ പറയുന്നു.