'മക്കളെ ശിശുക്ഷേമസമിതിക്ക് നല്‍കിയ സംഭവം വേദനിപ്പിക്കുന്നത്'; കുടുംബത്തിന് ഫ്ലാറ്റും അമ്മയ്ക്ക് ജോലിയും നല്‍കുമെന്ന് മേയര്‍

By Web TeamFirst Published Dec 2, 2019, 8:35 PM IST
Highlights

ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടു നല്‍കിയ കുട്ടികളുടെ വിദ്യാഭ്യാസം നഗരസഭ ഏറ്റെടുക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: വിശപ്പകറ്റാന്‍ വഴിയില്ലാത്തതിനാല്‍ മക്കളെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടുനല്‍കിയ സംഭവത്തില്‍ അമ്മയ്ക്ക് താല്‍കാലിക ജോലി നല്‍കുമെന്ന് തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍. പണിപൂര്‍ത്തിയായ ഒരു ഫ്ലാറ്റ് അടിയന്തരമായി ഇവര്‍ക്ക് നല്‍കുമെന്നും മേയര്‍ വ്യക്തമാക്കി. 

ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിന് വിട്ടു നല്‍കിയ കുട്ടികളുടെ വിദ്യാഭ്യാസം നഗരസഭ ഏറ്റെടുക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. കേരളത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായത് നാണക്കേടാണെന്നും വിഷയം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. 

അതേ സമയം താന്‍ സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് കുട്ടികളുടെ പിതാവ് മാധ്യമങ്ങളോട്  പറഞ്ഞു. എന്നാല്‍ ഇപ്പോഴുണ്ടായ പ്രശ്നങ്ങള്‍ തെറ്റിദ്ധാരണമുലമാണെന്നും ഭാര്യയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും കുട്ടികളുടെ പിതാവ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. 

വിശപ്പകറ്റാന്‍ കുഞ്ഞ് മണ്ണ് വാരിത്തിന്നു; നാലുമക്കളെ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കി ഒരമ്മ

കൈതമുക്കിലെ പുറമ്പോക്കിലെ ഷെഡില്‍ കഴിയുന്ന കുടുംബത്തിലെ അമ്മ  തന്‍റെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് വലിയ വാര്‍ത്തയായിരുന്നു. അമ്മ ആറു കുട്ടികളില്‍ നാല് പേരെ സംരക്ഷിക്കാനായി ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു.  മൂത്തയാള്‍ക്ക് 7 വയസ്സും ഏറ്റവും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയാണ്. ഭക്ഷണത്തിനുള്ള വക ഭര്‍ത്താവ് തരാറില്ല. വിശപ്പടക്കാന്‍ മൂത്ത കുട്ടി മണ്ണ് വാരി തിന്നുന്ന അവസ്ഥ പോലുമുണ്ടായി. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തു.

click me!