ഹൈക്കോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കി തിരുവന്തപുരം ബാർ അസോസിയേഷൻ

By Web TeamFirst Published Dec 1, 2019, 10:34 AM IST
Highlights

കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കും എന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷക സംഘടന ഹൈക്കോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കിയത് എന്നത് ശ്രദ്ധേയമാണ്.

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ച് തിരുവന്തപുരം ബാർ അസോസിയേഷൻ. വാഹനാപകട നഷ്ടപരിഹാരം പരാതിക്കാർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവ് അഭിഭാഷകരുടെ അവകാശ ലംഘനമാണെന്ന് ബാർ അസോസിയേഷൻ പ്രമേയം പാസാക്കി. പ്രമേയത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. അദാലത്തുകൾ ബഹിഷ്കരിക്കാനുള്ള നിർദ്ദേശം ബാർ കൗൺസിൽ വഴി ചീഫ് ജസ്റ്റിസിനെ അറിയിക്കാനാണ് അസോസിയേഷൻ തീരുമാനം. കഴിഞ്ഞ നവംബര്‍ 26നാണ് ഇത്തരത്തില്‍ ഒരു പ്രമേയം അവതരിപ്പിച്ചത്.

ഈ ഉത്തരവിനെ ബഹിഷ്കരിക്കാനും, ബാര്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട് തങ്ങളുടെ പരാതി ചീഫ് ജസ്റ്റിസിനെ അറിയിക്കാനും ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഹൈക്കോടതി ഉത്തരവിനെ ബഹിഷ്കരിക്കാന്‍ അഭിഭാഷക അസോസിയേഷന്‍ തീരുമാനിക്കുന്നത് എന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ച സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കും എന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭിഭാഷക സംഘടന ഹൈക്കോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കിയ വാര്‍ത്തയും പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്.

അതേ സമയം മജിസ്ട്രേറ്റിനെ അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ച സംഭവത്തില്‍ കേസ് നടപടിക്രമങ്ങള്‍ ആരംഭിച്ചതായാണ് സൂചന.  അഭിഭാഷകരുടെ പ്രതിഷേധത്തിനെതിരെ ജഡ്ജിമാര്‍ രംഗത്തെത്തിയിരുന്നു. മജിസ്ട്രേറ്റ് ദീപാ മോഹനെ തടയാന്‍ ശ്രമിച്ച സംഭവം പ്രതിഷേധാര്‍ഹമാണ്. വിഷയത്തില്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ജുഡിഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.  

അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് അഭിഭാഷകര്‍ക്കെതിരെ കേസ് . ബാർ അസോസിയേഷൻ പ്രസിഡന്റ് , സെക്രട്ടറി, കണ്ടാലറിയാവുന്ന 10 അഭിഭാഷകർ എന്നിവരെ പ്രതിചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. 

വനിത മജിസ്ട്രേറ്റിനെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസ്. വനിത മജിസ്ട്രേറ്റ് സിജെ എമ്മിന് നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. 

കഴിഞ്ഞ ദിവസമാണ് ഒരു സാക്ഷിയെ ഭീഷണിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും ജഡ്ജിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടാകുകയും അനിഷ്ടസംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തത്. 
ഈ സംഭവത്തിലാണ് പ്രതിഷേധവുമായി ഇപ്പോള്‍ ജില്ലാ ജഡ്ജിമാരുടെ സംഘടന സംസ്ഥാന വ്യാപകമായി രംഗത്തുവന്നിരിക്കുന്നത്.

വഞ്ചിയൂര്‍ കോടതിയിലുണ്ടായ സംഭവം ജുഡിഷ്യറിയുടെ മനോവീര്യം തകര്‍ക്കുന്നതാണെന്ന് ജില്ലാ ജഡ്ജിമാരുടെ സംഘടന ഹൈക്കോടതിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അനുവദിച്ചുകൊടുക്കാന്‍ പാടില്ല.

 അതുകൊണ്ട് പ്രശ്നം എന്താണെന്ന് പരിശോധിച്ച് ഹൈക്കോടതി ഈ വിഷയത്തില്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിക്ക് കീഴെയുള്ള കോടതികളിലെ ജഡ്ജിമാരുടെ സംഘടനയാണ് കേരള ജുഡിഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍. 

click me!