
തിരുവനന്തപുരം: ചെറുപ്പക്കാരെയും പുതുമുഖങ്ങളെയും ഇറക്കി തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ മുന്നണികൾ. സിപിഎം നിശ്ചയിച്ച
സ്ഥനാർത്ഥികളിൽ പകുതിയിലേറെ പേരുടേയും പ്രായം 40 വയസിന് താഴേയാണ്. ബിജെപിയും കോൺഗ്രസും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചെറുപ്പക്കാർക്ക് തന്നെയാണ് മുൻഗണന.
തലസ്ഥാനത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇടതുമുന്നണി ബഹുദൂരം മുന്നിലാണ്. ഭൂരിപക്ഷം വാർഡുകളിലും സിപിഎം സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായി പ്രചാരണം തുടങ്ങി. ചെറുപ്പമാണ് മാനദണ്ഡം. മുടവൻമുഗൾ വാർഡിലെ സ്ഥാനാർത്ഥി ആര്യക്ക് വയസ് 21. വഞ്ചിയൂരിലെ ഗായത്രി ബാബുവിന് 23 വയസ്. നിലവിൽ വഞ്ചിയൂർ വാർഡ് കൗൺസിലറായ ബാബുവിന്റെ മകൾ ഗായത്രി കോളേജിൽ നിന്ന് നേരിട്ട് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് എത്തികയാണ്. ചെറുവയ്ക്കലിലെ സൂര്യ ഹേമനും കേശവദാസപുരത്തെ അംശു വാനദേവനും പേട്ടയിലെ സി എസ് സുജേദേവിയും പുതിയ മുഖങ്ങൾ. കഴിഞ്ഞ കൗൺസിലിലെ ചെറുപ്പക്കാരി വിദ്യമോഹൻ ഇത്തവണ ജഗതിയിൽ നിന്ന് ജനവിധി തേടുന്നു.
യുഡിഎഫ് ലിസ്റ്റിലും യുവനിരക്കാണ് പ്രാമുഖ്യം. മഹിളാകോൺഗ്രസ് മുൻ നേതാവ് സ്വപ്ന ജോർജ് ,വീണ നായർ തുടങ്ങിയവരാണ് പരിഗണനയിൽ. എന്നാൽ ഘടകക്ഷികളുമായുള്ള സീറ്റ് ചർച്ച നീളുന്നതിനാൽ സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസിൽ വൈകുകയാണ്.
ബിജെപിയും നിലവിലുള്ള കൗൺസിലർമാർക്ക് പുറമേ പുതുമുഖങ്ങളെയും തേടുന്നു. വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള തിരക്കിലാണ് പാർട്ടി. അതിന് ശേഷം സ്ഥാനാർത്ഥികളെ ഒരുമിച്ച് പ്രഖ്യാപിക്കാനാണ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam