തിരുവനന്തപുരം കോർപറേഷനിൽ അഭിമാനപ്പോരിന് കളമൊരുങ്ങുന്നു; അങ്കം ജനുവരി 12ന്; വിഴിഞ്ഞം ഡിവിഷനിൽ മത്സരിക്കാൻ 9 പേർ

Published : Dec 29, 2025, 08:07 PM IST
LDF UDF BJP

Synopsis

സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മാറ്റിവച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ 9 പേർ മത്സരരംഗത്ത്. കേവല ഭൂരിപക്ഷം നേടാൻ ബിജെപിക്കും, സിറ്റിംഗ് സീറ്റ് നിലനിർത്താൻ എൽഡിഎഫിനും, നില മെച്ചപ്പെടുത്താൻ യുഡിഎഫിനും ഈ തെരഞ്ഞെടുപ്പ് നിർണായകമാണ്. 

തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡില്‍ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ മത്സരരംഗത്തുള്ളത് 9 പേർ. നേരത്തെ പത്രിക നൽകിയ ഒരാൾ പത്രിക പിൻവലിച്ചിട്ടുണ്ട്. പതിമൂവായിരത്തിലേറെ വോട്ടർമാരുള്ള വാര്‍ഡില്‍ ജനുവരി 12നാണ് തെരഞ്ഞെടുപ്പ്. ജനുവരി 13ന് ആണ് വോട്ടെണ്ണല്‍ നടക്കുക.

മുന്നണികൾക്ക് നിർണായകം

മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലും സ്ഥാനാ‌ർത്ഥികൾ മരണപ്പെട്ടതോടെ വോട്ടെടുപ്പ് മാറ്റി വച്ചിരുന്നു. എന്നാൽ, തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം ഈ ലിസ്റ്റിൽ ബിജെപിക്ക് വളരെയേറെ നിർണായകമാണ്. സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന പാറ്റൂർ രാധാകൃഷ്ണൻ പിന്താങ്ങിയതോടെ കേവല ഭൂരിപക്ഷമെന്ന കടമ്പ കടക്കാൻ ബിജെപിക്ക് സാധിച്ചു. വിഴിഞ്ഞം പിടിച്ചാൽ സ്വതന്ത്ര സ്ഥാനാർഥികളെ ഒപ്പം കൂട്ടാതെ കേവല ഭൂരിപക്ഷം തികയ്ക്കാം എന്ന കണക്കുകൂട്ടലിലാണ് ബിജെപി. സ്വതന്ത്രനായതിനാൽ പാർട്ടിയുടെ 51-ാമത്തെ പ്രതിനിധിയും വിഴിഞ്ഞത്ത് നിന്നുണ്ടായാൽ തീരുമാനങ്ങൾ ബിജെപിയുടെ സ്വന്തം നിലക്ക് നടപ്പാക്കാനാകുമെന്ന നേട്ടമാണ് പാർട്ടി കാണുന്നത്. ജയ സാധ്യത കുറവാണെന്ന് പാർട്ടി കണക്കുകൂട്ടുമ്പോഴും ഇപ്പോഴുണ്ടായ അനുകൂല സാഹചര്യം വിഴിഞ്ഞത്തും അനുകൂലമാകുമെന്നാണ് പ്രതീക്ഷ. കോർപ്പറേഷനിൽ കാര്യങ്ങൾ നടത്താൻ ഭരണമുന്നണി സ്ഥാനാർഥിക്ക് വോട്ടു തേടുകയാണ് ബിജെപി പ്രവർത്തകരും.

50 സീറ്റുകളുമായി കോർപറേഷനിൽ ഭരണത്തിനിറങ്ങിയ ബിജെപിക്ക് കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ വിഴിഞ്ഞം കൂടിയേതീരു. മുൻ വർഷത്തെ സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം യാഥാർഥ്യമാകാൻ യുഡിഎഫിനും വേണം ഒരു സീറ്റ്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ എൽഡിഎഫിനും സിറ്റിങ് സീറ്റ് നിലനിർത്താനും വേണം വിഴിഞ്ഞം. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നാമ നിർദേശ പത്രിക സമർപ്പിച്ച ജസ്റ്റിൻ ഫ്രാൻസിസിന്റെ മരണത്തെ തുടർന്നാണ് വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. വിമതൻ ആക്ടിവായുണ്ടെങ്കിലും 2015 ൽ കൈവിട്ട വാർഡ് തിരിച്ചു പിടിക്കാനാണ് കോൺഗ്രസ് ശ്രമം. വാർഡിൽ നടപ്പാക്കിയ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞാണ് വാർഡിൽ എൽഡിഎഫ് പ്രചരണവും മുന്നോട്ടു പോകുന്നത്. മുൻ കൗൺസിലർ വെല്ലുവിളിയല്ലെന്നും വോട്ട് ഭിന്നിക്കാതെ തൻ്റെ പെട്ടിയിൽ വീഴുമെന്നും എൽഡിഎഫ് സ്ഥാനാർഥിയും പറയുന്നു.

വിമത സ്ഥാനാ‍ർഥികളാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും തലവേദന. മുൻ കൗൺസിലർ കൂടിയായ എൻ.എ.റഷീദ് ആണ് സിപിഎം വിമതനായി മത്സരിക്കുന്നത്. സീറ്റ് നിലനിർത്താൻ എൻ.നൗഷാദ് ആണ് പാർട്ടി സ്ഥാനാർഥി. കോൺഗ്രസ് സ്ഥാനാർഥിയും മുൻ കൗൺസിലറുമായ കെ.എച്ച്. സുധീർഖാനെതിരെ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി ഹിസാൻ ഹുസൈൻ രംഗത്തുണ്ട്. സർവശക്തിപുരം ബിനു ആണ് എൻഡിഎ സ്ഥാനാർഥി. ഇരുമുന്നണികൾക്കും അടുപ്പമുള്ളതും വിഴിഞ്ഞം സ്വദേശികളുമായ മറ്റ് മൂന്ന് പേരും കളത്തിലുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ ആലപ്പുഴയിൽ പോകുന്നുണ്ടോ? സൂക്ഷിച്ചാൽ ബുദ്ധിമുട്ടില്ല; ജില്ലയിലെമ്പാടും ഭക്ഷണശാലകൾ അടച്ചിടും
അട്ടിമറികളും മറുകണ്ടം ചാടലും കഴിഞ്ഞു; പഞ്ചായത്തുകളിലെ ഭരണ ചിത്രം തെളിഞ്ഞു; യുഡിഎഫ് 534, എൽഡിഎഫ് 364, എൻഡിഎ 30