കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫിന് വ്യക്തമായ മുൻതൂക്കം. 534 പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരണം നേടിയപ്പോൾ 364 ഇടത്താണ് എൽ.ഡി.എഫ് പ്രതിനിധികൾ അധ്യക്ഷന്മാരായത്
തിരുവനന്തപുരം: ആറ് പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് കൂടി പൂർത്തിയായതോടെ കേരളത്തിലെ തദ്ദേശഫലം തെളിഞ്ഞു. സാങ്കേതികത്വവും കുതികാൽവെട്ടും മറുകണ്ടം ചാടലും അന്തിമ കണക്കിൽ വ്യത്യാസമുണ്ടാക്കിയെങ്കിലും ഗ്രാമപഞ്ചായത്തുകളിൽ ഭൂരിപക്ഷവും യു.ഡി.എഫിന് കിട്ടി. എസ്ഡിപിഐ പിന്തുണയെച്ചൊല്ലിയുള്ള തർക്കമുള്ള രണ്ട് പഞ്ചായത്തുകളിലടക്കം മൂന്നിടത്താണ് ഇപ്പോൾ പ്രസിഡന്റുമാരില്ലാത്തത്.
ട്വിസ്റ്റും സസ്പെൻസും കഴിഞ്ഞ് കണക്കെല്ലാം കലങ്ങി തെളിഞ്ഞതോടെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ അധികാര കസേരകളിലെ മുൻതൂക്കവും വ്യക്തമാകുന്നത്. എൽഡിഎഫിനെ ബഹുദൂരം പിന്നിലാക്കിയ യുഡിഎഫ് 534 പഞ്ചായത്തുകളിൽ അധ്യക്ഷ പദത്തിലെത്തി. ഇടതുപക്ഷത്തിന് 364 പഞ്ചായത്തുകളിലാണ് അധ്യക്ഷ പദം നേടാനായത്. അതേസമയം എൻഡിഎയുടെ പ്രസിഡൻ്റുമാർ 30 പഞ്ചായത്തുകൾ ഭരിക്കുമെന്നും വ്യക്തമായി. അവശേഷിക്കുന്ന പത്ത് പഞ്ചായത്തുകളി സ്വതന്ത്രരും മറ്റ് കക്ഷികളുമാണ് അധ്യക്ഷ പദവിയിൽ.
ജയിച്ച പ്രസിഡന്‍റുമാരുടെ രാജി കാരണം തുലാസിലുള്ളത് മൂന്ന് പഞ്ചായത്തുകളാണ്. അതിൽ രണ്ടിടത്ത് പ്രശ്നം എസ്ഡിപിഐ പിന്തുണയാണ്. പത്തനംതിട്ടയിലെ കോട്ടാങ്ങൽ പഞ്ചായത്തിലും തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലുമാണ് എസ്ഡിപിഐ പിന്തുണയോടെ ജയിച്ചവർ രാജിവെച്ചത്. തൃശൂര്‍ ജില്ലയിലെ ചൊവ്വന്നൂർ പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയിലാണ് കോണ്‍ഗ്രസ് ഭരണം. ഡിസിസി ആവശ്യപ്പെട്ടിട്ടും പ്രാദേശിക നേതൃത്വം ഇതുവരെ വഴങ്ങിയിട്ടില്ല. അതിനാൽ പ്രസിഡൻ്റ് പദത്തിൽ യുഡിഎഫ് അംഗം തുടരുകയാണ്.
പാലക്കാട്ട് അട്ടപ്പാടിയിലെ അഗളി പഞ്ചായത്തിലെ സ്ഥിതി അനിശ്ചിതത്വത്തിലാണ്. കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഎം പിന്തുണയോടെ വിജയിച്ച പഞ്ചായത്ത് പ്രസിഡന്‍റ് മഞ്ജു രാജിവച്ചു. മഞ്ജുവിനെതിരെ കോൺഗ്രസ് നേതൃത്വം കോടതിയെ സമീപിക്കാനൊരുങ്ങുമ്പോഴാണ് രാജി. വാർഡ് അംഗങ്ങളുടെ എണ്ണത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും രണ്ട് പഞ്ചായത്തുകളാണ് സംവരണ കടമ്പയിൽ ഇന്ന് യുഡിഎിന് നഷ്ടമായത്. കോട്ടയം എരുമേലിയിൽ പട്ടികവർഗ സംവരണ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി തോറ്റതോടെ പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന്. ആലപ്പുഴ വീയപുരത്തും പട്ടിക ജാതി വനിതയ്ക്ക് സംവരണം ചെയ്ത പ്രസിഡൻ്റ് സ്ഥാനത്തേക്ക് യുഡിഎഫിന് പ്രതിനിധിയില്ലാത്തതിനാൽ എൽഡിഎഫിന്റെ പി ഓമന പ്രസിഡന്റായി.
കോൺഗ്രസ് ലീഗ് തർക്കത്തിൽ തെരഞ്ഞെടുപ്പ് വൈകിയ മലപ്പുറം തിരുവാലി പഞ്ചായത്തിൽ ഒടുവിൽ സമവായമായി. കോൺഗ്രസിന്റെ താരിയൻ സുമ പഞ്ചായത്ത് പ്രസിഡന്റായി. യു.ഡി.എഫും എൽഡിഎഫും ബലാബലം നിന്ന കാസർകോട്ടെ പുല്ലൂർ പെരിയ പഞ്ചായത്തിൽ നറുക്കടുപ്പിലൂടെ എൽഡിഎഫ് ജയിച്ചു. എറണാകുളം വെങ്ങോല പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. സിപിഎമ്മിലെ ഭിന്നതയെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ച ആലപ്പുഴ നെടുമുടി പഞ്ചായത്തിൽ നേരത്തെ പാർട്ടി നേതൃത്വം തീരുമാനിച്ച പി.കെ. വിനോദിനെ തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തു.


