രാജ്യത്ത് അപൂര്‍വമായി ചെയ്യുന്ന ചികിത്സകള്‍ വിജയം; ന്യൂറോ ഇന്‍റർവെൻഷനിൽ അഭിമാന നേട്ടവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്

Published : Jun 25, 2025, 08:39 PM IST
trivandrum medical college

Synopsis

നൂതന ചികിത്സയിലൂടെ അനേകം രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ന്യൂറോളജി വിഭാഗത്തിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു

തിരുവനന്തപുരം: നൂതന സ്ട്രോക്ക് ചികിത്സയായ ന്യൂറോ ഇൻറർവെൻഷൻ രംഗത്ത് അഭിമാന നേട്ടവുമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ന്യൂറോളജി വിഭാഗം. ഈ സർക്കാരിന്‍റെ കാലത്ത് ന്യൂറോളജി വിഭാഗത്തിന്‍റെ കീഴിൽ രാജ്യത്ത് ആദ്യമായി ആരംഭിച്ച ന്യൂറോ കാത്ത് ലാബ് വഴി 320 ഡയഗ്‌നോസ്റ്റിക് സെറിബ്രൽ ആൻജിയോഗ്രാഫിയും 55 തെറാപ്യൂട്ടിക് ഇന്റർവെൻഷൻ പ്രൊസീജിയറും ഉൾപ്പെടെ 375 ന്യൂറോ ഇന്റർവെൻഷൻ പ്രൊസിസീജറുകൾ നടത്തി. അതിൽ തന്നെ രാജ്യത്ത് അപൂർവമായി ചെയ്യുന്ന ഇന്റർവെൻഷൻ ചികിത്സകളും ഉൾപ്പെടുന്നുണ്ട്.

നൂതന ചികിത്സയിലൂടെ അനേകം രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ന്യൂറോളജി വിഭാഗത്തിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. 2023 ജൂൺ മാസം മുതലാണ് മെഡിക്കൽ കോളേജിൽ ആദ്യമായി ന്യൂറോ ഇന്റർവെൻഷൻ ചികിത്സ ആരംഭിച്ചത്. വളരെ അപൂർവമായി കാണുന്ന പ്രയാസമേറിയ അന്യൂറിസം പോലും മികച്ച രീതിയിൽ ചികിത്സിക്കാൻ സാധിച്ചു. തലച്ചോറിനുള്ളിലെ വളരെ നേർത്ത രക്തക്കുഴലിൽ ആൻജിയോപ്ലാസ്റ്റി നടത്തി. ഇത്തരം സങ്കീർണമായ പ്രൊസീജിയർ നടത്തുന്ന രാജ്യത്തെ വളരെ കുറച്ച് സ്ഥാപനങ്ങളിലൊന്നായി മെഡിക്കൽ കോളേജ് മാറി.

വളരെ അസാധാരണമായ ഡ്യൂറൽ എവി ഫിസ്റ്റുല, കരോട്ടികോ കവേണസ് ഫിസ്റ്റുല, എവിഎം എന്നീ അസുഖങ്ങൾക്കുള്ള എംബളൈസേഷനും വിജയകരമായി നൽകി വരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവുള്ള നൂതന ചികിത്സകൾ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായോ കുറഞ്ഞ ചെലവിലോ ചെയ്യാൻ സാധിക്കുന്നു. 90 വയസ് പ്രായമുള്ള ആളുകളിൽ പോലും മെക്കാനിക്കൽ ത്രോംബക്ടമി ചെയ്ത് വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.

മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളിൽ രക്തം കട്ട പിടിക്കുകയോ (Thrombosis)രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക്. സ്ട്രോക്കിന്‍റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ. വായ്ക്കുള്ള കോട്ടം, കൈയ്ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഈ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ട്രോക്ക് ചികിത്സയ്ക്കായി സമഗ്ര സ്ട്രോക്ക് സെന്‍ററാണ് സജ്ജമാക്കിയിരിക്കുന്നത്. സിടി ആൻജിയോഗ്രാം, സ്ട്രോക്ക് കാത്ത് ലാബ്, സ്ട്രോക്ക് ഐസിയു തുടങ്ങിയ വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സ്ട്രോക്ക് ഹെൽപ് ലൈനും പ്രവർത്തിക്കുന്നു. സ്ട്രോക്ക് വന്നതായി സംശയമുണ്ടെങ്കിൽ ഒട്ടും സമയം വൈകാതെ സ്ട്രോക്ക് സെന്ററിന്റെ ഹൈൽപ് ലൈനായ 9946332963 എന്ന നമ്പരിലേക്ക് വിളിക്കുക. രോഗിക്ക് ആവശ്യമായ നിർദേശങ്ങളും ചികിത്സയും ഉറപ്പാക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സുസജ്ജമായ മെഡിക്കൽ സംഘമാണ് സ്ട്രോക്ക് സെന്ററിലുള്ളത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു, നെടുമങ്ങാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
തൃശൂർ ടൂ കാസർകോട്, ഏഴ് ജില്ലകൾക്ക് നാളെ സമ്പൂർണ അവധി; 604 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ്, പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാം