ആചാര വിവാദം, ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം; തഹസിൽദാർക്ക് മൂന്ന് ദിവസത്തിനിടെ രണ്ട് സ്ഥലംമാറ്റം

By Web TeamFirst Published Feb 9, 2021, 7:29 PM IST
Highlights

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളിൽ പങ്കെടുക്കാറുള്ള തഹസിൽദാർ പദവിയിൽ അഹിന്ദുവായ ഉദ്യോഗസ്ഥനെ നിയമിച്ചതിൽ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം തഹസിൽദാരെ നിയമിച്ച് മൂന്ന് ദിവസത്തിനകം സ്ഥലംമാറ്റിയതിൽ വിവാദം.  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളിൽ പങ്കെടുക്കാറുള്ള തഹസിൽദാർ പദവിയിൽ അഹിന്ദുവായ ഉദ്യോഗസ്ഥനെ നിയമിച്ചതിൽ ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചിരുന്നു. അതിന് പിന്നാലെയാണ് തിരുവനന്തപുരം തഹസില്‍ദാര്‍  എം അൻസാരിനെ നെയ്യാറ്റിൻകരയിലേക്ക് മാറ്റിയത്. 
 
വിശ്വാസ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെ തലസ്ഥാനത്ത് ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിലും ആചാര പ്രശനവുമായി ഹിന്ദു ഐക്യവേദി രംഗത്തെത്തിയത്.  തെരഞ്ഞെടുപ്പിനോടബന്ധിച്ച 105  റവന്യു ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റത്തിൽ അൻസാർ എന്ന ഉദ്യോഗസ്ഥനെയാണ് തിരുവനന്തപുരത്ത് തഹസീല്‍ദാറായി നിയഗിച്ചത്. ഫെബ്രുവരി നാലാം തിയതിയാണ് നിയമനം നടന്നത്.

നവരാത്രി ആഘോഷച്ചടങ്ങുകൾക്കും, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകളിൽ  തഹസിൽദാറും പങ്കെടുക്കേണ്ടിയിരിക്കെ അഹിന്ദുവായ ഉദ്യോഗസ്ഥനെ നിയമിച്ചുവെന്നാരോപിച്ച്  ഹിന്ദു ഐക്യവേദി പ്രതിഷേധവുമായി രംഗത്തെത്തി.  അഹിന്ദുവായ ഉദ്യോഗസ്ഥനെ മാറ്റണമെന്നായിരുന്നു ആവശ്യം. ഇതോടെ  സ്ഥലംമാറ്റി നിയമിച്ച് മൂന്നു ദിവസത്തിനുള്ളിൽ വീണ്ടും സ്ഥലംമാറ്റം.  

ഇന്നലെയാണ് അൻസാറിനെ  നെയ്യാറ്റിൻകരയിലേക്ക് മാറ്റി റവന്യു കമ്മീഷണർ ഉത്തരവിറങ്ങിയത്.  പകരം സുരേഷ് എന്ന ഉദ്യോഗസ്ഥനെ തിരുവനന്തപുരത്തേക്ക് നിയമിച്ചു. നേരത്തെ തഹസിൽദാ‌ര്‍‌ തസ്തകിയിൽ അഹിന്ദുക്കളെ നിയമിച്ചിട്ടുണ്ട്. പക്ഷെ ഉത്സവചടങ്ങ് വരുമ്പോൾ ഹിന്ദുവിഭാഗത്തില്‍‌ നിന്നുള്ള റവന്യു റിക്കവറി തഹസിൽദാറെയോ സബ് കലക്ടറെയോ ചുമതലപ്പെടുത്താറാണ് കീഴ് വഴക്കം. ഇത്തവണെ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദം ഒഴിവാക്കാനാണ് അതിവേഗ സ്ഥലംമാറ്റം. ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ റവന്യു വകുപ്പ് തയ്യാറാകുന്നില്ല.
 

click me!