
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘർഷത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന് ഞായറാഴ്ച കന്റോൺമെന്റ് പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കല്ലറയിലേക്ക് പോകാൻ ഓട്ടോയിൽ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.
ഇതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരിൽ അഞ്ച് പ്രതികൾ ഉൾപ്പെട ആറുപേർ പിടിയിലായി. ഇന്നലെ വൈകിട്ടോടെയാണ് കേസിലെ പ്രതികളായ ആരോമൽ, ആദിൽ, അദ്വൈത്, ഇജാബ് എന്നിവരെ പൊലീസ് പിടികൂടിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ അക്രമിസംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രതികൾക്കായി ഇന്നലെ അർദ്ധരാത്രി പൊലീസ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും നടത്തിയ പരിശോധനയിൽ മാരകായുധങ്ങൾ കണ്ടെടുത്തു. ഇരുമ്പുദണ്ഡുകൾ ഉൾപ്പെടെയാണ് കണ്ടെത്തിയതെന്ന് ഡിസിപി ആദിത്യ പറഞ്ഞു.
ഇന്നലെ വൈകിട്ട് ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സീലുകൾ പതിപ്പിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‍ലെറ്റുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും വീട്ടിൽനിന്ന് കണ്ടെടുത്തു.
അതേസമയം, യൂണിവേഴ്സിറ്റി കോളേജ് കൗൺസിൽ യോഗം ഇന്ന് ചേരും. കേസിലെ പ്രതികളായ വിദ്യാർഥികളെ പുറത്താക്കുന്നടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായാണ് യോഗം വിളിച്ച് ചേർക്കുന്നത്. കോളേജിന് ഇന്ന് അവധിയാണ്. പ്രതികൾ പൊലീസ് നിയമനത്തിനുള്ള പിഎസ്‍സി റാങ്ക് പട്ടികയിൽ ഇടം പിടിച്ചതിനെ കുറിച്ചുള്ള വിവാദം ഇന്ന് ചേരുന്ന പിഎസ്‍സി യോഗവും ചർച്ച ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam