
തിരുവനന്തപുരം: അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പ്രതി അഫാന്‍റെ പിതാവ് റഹീം. പെൺകുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. സൗദിയിൽ ഉള്ള ബാധ്യതകൾ അല്ലാതെ മറ്റൊരു ബാധ്യതയും തനിക്ക് ഇല്ലെന്നും റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നാണ് അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതി അഫാന്‍റെ മൊഴി. കടത്തെ ചൊല്ലി വീട്ടിൽ ഇന്ന് തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നുമാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. മൊഴികളിൽ വൈരുധ്യമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും കൊലപാതകത്തിന്‍റെ യഥാര്‍ത്ഥ കാരണം ഈ ഘട്ടത്തിൽ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്.
സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടക്കൊലയെന്ന അഫാൻ്റെ പ്രാഥമിക മൊഴി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. വിദേശത്ത് സ്പെയര്‍പാര്‍ട്സ് കടയുള്ള പിതാവിന്‍റെ ബിസിനസ് തകര്‍ന്നതാണ് കടബാധ്യതയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. കടബാധ്യതയ്ക്കിടെ പെണ്‍സുഹൃത്തിനെ വീട്ടിൽ വിളിച്ചു കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ തര്‍ക്കമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ബന്ധുവീടുകളിലേക്കും പോയെന്നും അവിടെയും തര്‍ക്കമുണ്ടായെന്നും സഹായം ചോദിച്ചിട്ട് ആരും കൂടെ നിന്നില്ലെന്നുമാണ് പ്രതി പൊലീസിന് മൊഴി നൽകിയത്. പ്രതിയുടെ മാതാവുമായാണ് തര്‍ക്കമുണ്ടായത്. ആദ്യം മാതാവിന്‍റെ കഴുത്ത് ഞെരിച്ചു. ഇതിനുശേഷം മരിക്കാൻ തീരുമാനിച്ചു. എന്നാൽ, സഹായം ചോദിച്ച് ബന്ധുക്കളെ സമീപിച്ചപ്പോള്‍ ആരും കടം തന്നില്ലെന്നും പ്രതി മൊഴി നൽകി. ഇതിനുപിന്നാലെയാണ് കൂട്ടക്കൊല നടത്തിയത്.
Also Read: വെഞ്ഞാറമൂട്ടിലെ അരുംകൊല; ഞെട്ടൽ മാറാതെ കേരളം, പ്രതിയുടെ മൊഴിയിലെ വൈരുദ്ധ്യം തീര്‍ക്കാന്‍ പൊലീസ്
കൊല്ലപ്പെട്ട ഫർസാനയ്ക്ക് അഫാനുമായുള്ള ബന്ധം വീട്ടുകാർക്ക് അറിയാമായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബിനോയ് പറയുന്നു. വിവാഹത്തിന് വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നില്ല. രാത്രികാലങ്ങളിൽ പുറത്തുപോകുന്ന പതിവ് അഫാന് ഉണ്ടായിരുന്നെന്നും ബിനോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഫാനുമായുള്ള ബന്ധം പെൺകുട്ടിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നാണ് ഫർസാനയുടെ ബന്ധു താഹയും പറയുന്നത്. വിവാഹത്തിന് വീട്ടുകാർക്ക് സമ്മതമായിരുന്നു. പ്രണയബന്ധം ഫർസാന വീട്ടിൽ പറഞ്ഞിരുന്നു. ഇന്നലെ വൈകീട്ട് മൂന്നരയോടെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് ഫർസാന അഫാനൊപ്പം ബൈക്കിൽ പോയതെന്നും താഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam