
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരായ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരോഗ്യമന്ത്രിയെ 'കൊവിഡ് റാണി' എന്ന് പരാമര്‍ശിച്ചു കൊണ്ടുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവന പ്രസംഗത്തിലെ സാഹിത്യ ഭാഷ മാത്രമാണെന്നും അത് ഉയര്‍ത്തി കാണിക്കേണ്ടതില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് അടക്കം തെരഞ്ഞെടുപ്പ് കാലം അടുത്തെത്തി നിൽക്കെ കേരള രാഷ്ട്രീയം ഇനി ആര്‍ക്കൊപ്പമെന്ന് അറിയാന്‍ വേണ്ടി ഏഷ്യാനെറ്റ് ന്യൂസും സി ഫോറും ചേർന്നൊരുക്കിയ സമഗ്രമായ അഭിപ്രായ സര്‍വേയുടെ ഫലം വിലയിരുത്തുന്ന ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച് പ്രതികരിച്ചത്.
മുല്ലപ്പള്ളിയുടെ പ്രസംഗത്തിലെ സാഹിത്യഭാഷയെ എടുത്ത് വിനിയോഗിച്ചത് അദ്ദേഹത്തെ ചവിട്ടി മെതിക്കാന്‍ വേണ്ടിയാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ ഘട്ടത്തില്‍ ശൈലജ ടീച്ചര്‍ വളരെ നന്നായി പ്രവര്‍ത്തിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് ആരോഗ്യമന്ത്രിയെ സൈഡ്‍ലൈന്‍ ചെയ്യുന്നതായി ജനങ്ങള്‍ക്ക് തോന്നിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു. എന്തുകൊണ്ടാണ് ശൈലജ ടീച്ചറിനെ സൈഡ്‍ലൈന്‍ ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ആരോഗ്യമന്ത്രിക്ക് ലഭിക്കേണ്ട പ്രാധാന്യം പിന്നീട് ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍വ്വേ ഫലം പുറത്തുവന്നപ്പോള്‍ ബഹുഭൂരിപക്ഷം മലയാളികളും കെ കെ ശൈലജ ടീച്ചറുടെ പിന്നിൽ അണിനിരക്കുന്ന കാഴ്ചയാണ് കണ്ടത്. ആരോഗ്യമന്ത്രിയുടെ പ്രവർത്തനം വളരെ മികച്ചത് എന്ന് 38% പേരും, മികച്ചത് എന്ന് 43% പേരും തൃപ്തികരം എന്ന് 16% പേരും പറഞ്ഞപ്പോൾ മോശം എന്ന് പറഞ്ഞത് വെറും 3% പേർ മാത്രമാണ്. ഫലത്തിൽ 97 ശതമാനം പേരും നല്ല രീതിയിൽത്തന്നെയാണ് ആരോഗ്യമന്ത്രി പ്രവർത്തിച്ചതെന്ന് വിലയിരുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam