
തിരുവനന്തപുരം: തിരുവനന്തപുരത്തെ തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിൽ മനം നൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി സുഹൃത്തുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നു. രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നും അപമാനിച്ചവരെ വെറുതെ വിടില്ലെന്നും ആനന്ദ് സംഭാഷണത്തിൽ പറയുന്നുണ്ട്. സംഘടനക്ക് വേണ്ടി എല്ലാം നൽകിയെന്നും എത്ര കൊമ്പനായാലും പോരാടുമെന്നും ആനന്ദ് തമ്പി പറയുന്നുണ്ട്. പലയിടത്തുനിന്നും സമ്മര്‍ദം നേരിട്ടെന്നും സംഭാഷണത്തിൽ ആനന്ദ് പറയുന്നുണ്ട്. അതേസമയം, ആനന്ദിന്‍റെ ആത്മഹത്യയിൽ പൊലീസ് കേസെടുത്തു. ആനന്ദിന്‍റെ പോസ്റ്റ്‍മോര്‍ട്ടം അൽപ്പസമയത്തിനകം നടക്കും.
'രണ്ടും കൽപ്പിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത്. സമ്മര്‍ദം എല്ലാഭാഗത്തുനിന്നുണ്ട്. ഇത്രമാത്രം അപമാനിച്ചിട്ട് അവൻമാരെ വെറുതെ വിടില്ല.എനിക്ക് കഴിയുന്നത്ര പോരാടും. തന്‍റെ ഐഡന്‍റിറ്റിയുടെ കാര്യമാണിത്. എന്തു പ്രതിസന്ധി നേരിട്ടാലും പോരാടും. ഇത്രയും കാലം സംഘടനയ്ക്കുവേണ്ടി എന്തും ചെയ്യുമെന്ന അവസ്ഥയായിലാണ് നിന്നത്. എന്‍റെ പണം, എന്‍റെ ശരീരം, എന്‍റെ മനസ്, എന്‍റെ സമയം എല്ലാം സംഘടനയ്ക്ക് നൽകിയിട്ടുണ്ട്. സീറ്റിന്‍റെ കാര്യത്തിൽ ഈ പരിപാടി കാണിക്കുമ്പോള്‍ അത് നാലാക്കി മടക്കി വീട്ടിൽ പോയിരിക്കാൻ തനിക്ക് പറ്റില്ല'
ആർഎസ്എസ് പ്രവർത്തകൻ ആനന്ദിന്‍റെ ആത്മഹത്യ സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമെന്നാണ് പൊലീസ് എഫ്ഐആർ. സഹോദരി ഭർത്താവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആനന്ദിന് കുടുംബപ്രശ്നങ്ങളോ വ്യക്തിപരമായ മറ്റു പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. കോർപ്പറേഷനിലേക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനാൽ വലിയ മനോവിഷമത്തിലായിരുന്നു. ഇതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് തന്‍റെ അറിവെന്നാണ് സഹോദരി ഭർത്താവിന്‍റെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തൃക്കണ്ണാപുരത്ത് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങിയിരിക്കുകയായിരുന്നു ആനന്ദ് കെ തമ്പി. ഇതിനുമുന്നോടിയായി ശിവസേനയിലും ആനന്ദ് ചേര്‍ന്നിരുന്നു.
ആനന്ദ് സുഹൃത്തുക്കൾക്കയച്ച വാട്സ് അപ്പ് കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് സുഹൃത്തുക്കളെ ചോദ്യം ചെയ്യും. ആനന്ദിന്‍റെ ഫോണിൽ നിന്ന് വിവരങ്ങൾ തേടാനാണ് പൊലീസിന്‍റെ തീരുമാനം. ആത്മഹത്യാസന്ദേശത്തിൽ പറയുന്ന ബിജെപി, ശിവസേന നേതാക്കളുടെ മൊഴിയും എടുക്കും. ആനന്ദ് ശബ്ദ സന്ദേശം അയച്ചവരുടേയും മൊഴിയെടുക്കും.ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമാണ് ആത്മഹത്യാ സന്ദേശത്തിൽ ആനന്ദ് ഉന്നയിച്ചിരുന്നത്. തൃക്കണ്ണാപുരത്ത് തന്നെ സ്ഥാനാർത്ഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്നും ബിജെപി, ആർഎസ്എസ് നേതാക്കൾ മണ്ണ് മാഫിയ ആണെന്നും ആത്മഹത്യാസന്ദേശത്തിൽ ആനന്ദ് ആരോപിക്കുന്നു. തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആത്മഹത്യാ സന്ദേശത്തിൽ ആരോപിക്കുന്നു. അതേസമയം, ആനന്ദിന്‍റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കണ്ണാപുരം വാര്‍ഡിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ ആനന്ദ് കെ തമ്പി തീരുമാനിച്ചിരുന്നു. തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി ഏരിയ പ്രസിഡന്‍റായ ആലപ്പുറം ഉദയകുമാര്‍, നിയോജകമണ്ഡലം കമ്മിറ്റി മെമ്പര്‍ കൃഷ്ണകുമാര്‍, ആര്‍എസ്എസിന്‍റെ നഗര്‍ കാര്യവാഹ് രാജേഷ് എന്നിവരാണ് താൻ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ കാരണമെന്നാണ് ആനന്ദ് ആത്മഹത്യാസന്ദേശത്തിൽ ആരോപിക്കുന്നത്. ഇവര്‍ മണ്ണുമാഫിയയാണെന്നും അവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അധികാരത്തിൽ ഒരാള്‍ വേണമെന്നും അതിനുവേണ്ടിയാണ് മണ്ണു മാഫിയക്കാരനായ വിനോദ് കുമാറിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ആനന്ദ് ആരോപിക്കുന്നു.