
നറുക്കെടുപ്പിന് നാലു നാൾ മാത്രം മുന്നിൽ നിൽക്കവേ സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പർ വിൽപ്പന 63 ലക്ഷത്തിലേക്ക്. വിപണിയിലേയ്ക്ക് അച്ചടിച്ച് എത്തിച്ച മുഴുവൻ ടിക്കറ്റുകൾക്കും ശക്തമായ വരവേൽപ്പാണ് സമൂഹത്തിൽ ലഭിച്ചത്. ആകെ 70 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് നിലവിൽ വിൽക്കുന്നതിനായി നൽകിയിട്ടുള്ളത്. ഏഴുലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണ് ഇനി വിപണിയിലുള്ളതും.വരുന്ന നാലു ദിവസം കൂടി മാത്രം അവശേഷിക്കെ ഇതു മുഴുവൻ വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയാണ് വകുപ്പിനുള്ളത്.
25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പർ ജനങ്ങൾക്ക് മുമ്പിലുള്ളത്.
ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. സബ് ഓഫീസുകളിലേതുൾപ്പെടെ 1176990 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 824140 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 768160 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകൾ ഇന്നും നാളെയുമായി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വിൽപ്പന പുരോഗമിക്കുന്നു.
തിരുവനന്തപുരം ജില്ലയിൽ ഇനി ആകെ ഒരു ലക്ഷം ടിക്കറ്റിൽ താഴെ മാത്രമേ വിറ്റഴിക്കപ്പെടാനുള്ളു. കൊല്ലം ജില്ലയിൽ അവശേഷിക്കുന്നത് 23,000 ടിക്കറ്റുകളും മാത്രം. പത്തനംതിട്ടയിൽ 12,000 ടിക്കറ്റുകൾ മാത്രമേ ഇനി വിപണിയിലുള്ളു. കോട്ടയത്ത് 23,000 ടിക്കറ്റുകളും ആലപ്പുഴയിൽ 15000 ടിക്കറ്റുകളുമാണ് അവശേഷിക്കുന്നത്. മറ്റ് ജില്ലകളിലും ടിക്കറ്റ് വിൽപ്പന ശക്തമായ വിധത്തിൽ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വിൽപ്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വിൽക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam