
തിരുവനന്തപുരം: ഓൺലൈൻ ഗെയിമിഗിന്റെ പേരിൽ പുതിയതരം തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഗെയിം കളിക്കാൻ വേണ്ടി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും തുടർന്ന് ഗെയിം സൈറ്റിൽ കയറാൻ ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ് രീതി. ലിങ്കിൽ കയറുമ്പോൾ ഗിഫ്‌റ്റ് ബോക്സ് ലഭിക്കുകയും അതിൽനിന്നു ഗോൾഡൻ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫർ വിലയിൽ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു. തുടർന്ന് പണം കൊടുത്ത് ഗിഫ്‌റ്റ് വാങ്ങിക്കഴിയുമ്പോൾ നല്ലൊരു ലാഭത്തിൽ തന്നെ ആ സൈറ്റിൽ വിൽക്കാൻ തട്ടിപ്പുകാർ സഹായിക്കുന്നു.
കിട്ടിയ ലാഭ കണക്കുകൾ കാണിച്ചുകൊണ്ട് വലിയ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നു. ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ വാങ്ങാൻ പണം നൽകി കഴിയുമ്പോൾ വിൽക്കാൻ ആളെ കിട്ടാതെ ആകുന്നു. പണം തിരിച്ചു കിട്ടാതെ ആകുമ്പോൾ ആണ് പറ്റിക്കപ്പെട്ടു എന്നുള്ള കാര്യം തിരിച്ചറിയുന്നത്. പോയ പണം തിരിച്ചു ചോദിക്കുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ലക്ഷങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov. in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam