
തിരുവനന്തപുരം: അബ്‍ദുൾ റഹീമിന്റെ മോചനത്തിന് മലയാളികൾ കൈ കോർത്തതിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. വെറുപ്പിന്‍റെ പ്രചാരകർ നാടിനെതിരെ നുണക്കഥ ചമക്കുമ്പോൾ മലയാളികൾ മാനവികതയുടെ പ്രതിരോധം തീർത്തു എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മാനവികതയുടേയും മനുഷ്യസ്നേഹത്തിന്‍റെയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികൾ.
സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്‍ദുൾ റഹീമിന്‍റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്. ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിന്‍റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി അവർ സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിന്‍റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി.
വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിന്‍റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്. ലോകത്തിനു മുന്നിൽ കേരളത്തിന്‍റെ അഭിമാനമുയർത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസ്സുകളേയും ഹാർദ്ദമായി അഭിനന്ദിക്കുന്നു. പ്രവാസി മലയാളികൾ ഈ ഉദ്യമത്തിനു പിന്നിൽ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ഐക്യത്തിന് കൂടുതൽ കരുത്തേകി ഒരു മനസ്സോടെ നമുക്കു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam