
കോഴിക്കോട്: ഹിന്ദിയിലും മറ്റ് അന്യ ഭാഷകളിലുമായി പാതിരാത്രിയിലടക്കം സ്ത്രീ പുരുഷന്‍മാരുടെ കോളുകള്‍. ഫേസ്ബുക്കില്‍ അപരിചിതരായ ആളുകളുടെ ഫ്രന്റ് റിക്വസ്റ്റുകളും മെസേജുകളും. അധികമാരും അറിയാതെ കിടന്ന ആന്‍ഡ്രോയിഡ് ആപ്പിന് രണ്ട് ദിവസം കൊണ്ട് ആയിരത്തോളം ഡൗണ്‍ലോഡുകള്‍. കോഴിക്കോട് കൊയിലാണ്ടിയില്‍ പി എസ് സി ഓണ്‍ലൈന്‍ കോച്ചിംഗ് നടത്തുന്ന ഒരു സ്ഥാപനം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിചിത്രമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോവുന്നത്.
ഓണ്‍ലൈന്‍ കോച്ചിംഗുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങളൊന്നും നടന്നിട്ടില്ല. പിന്നെ എന്തു കൊണ്ടായിരിക്കും നട്ടപ്പാതിരയ്ക്കും ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുന്നത്? ''മറ്റൊന്നുമാവില്ല, ഞങ്ങളുടെ സ്ഥാപനത്തിന്റെ പേര് പെഗാസസ് എന്നാണ്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭ്യമായ ഞങ്ങളുടെ ആപ്പിന്റെ പേരും അതു തന്നെയാണ്. രാഷ്ട്രത്തലവന്‍മാര്‍ അടക്കമുള്ളവരുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവാദത്തിന് കാരണമായ ഇസ്രായേല്‍ ചാരസോഫ്റ്റ് വെയറിന്റെ അതേ പേര്. ഇതായിരിക്കണം, ഈ വിചിത്ര സംഭവങ്ങളുടെ കാരണം.''-പെഗാസസ് കോച്ചിംഗ് സ്ഥാപനം നടത്തുന്ന സനൂപ് പി സി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
ലോക്ക്‌ഡൌണ്‍ കാലത്ത് വീട്ടിലിരുന്ന് പി എസ് സി കോച്ചിംഗ് നല്‍കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ വര്‍ഷം കൊയിലാണ്ടി സ്വദേശിയായ സനൂപ് പിസി ആരംഭിച്ചതാണ് പെഗാസസ്. പെഗാസസ് ഓണ്‍ലൈന്‍ എന്ന ആപ്പ് വഴിയാണ് ക്ലാസുകള്‍ നടത്തുന്നത്. ഒരു വര്‍ഷം കൊണ്ട് ആപ്പിന് ലഭിച്ചത് ആയിരത്തോളം ഡൗണ്‍ലോഡുകളാണ്. വളരെ സാധാരണമായി കാര്യങ്ങള്‍ പോയി കൊണ്ടിരിക്കവെയാണ്, ഒരു ഇസ്രായേല്‍ കമ്പനി വിവിധ സര്‍ക്കാറുകള്‍ക്ക് വില്‍ക്കുന്ന പെഗാസസ് എന്ന മാല്‍വെയര്‍ വിവിധ ഭരണാധികാരികള്‍ അടക്കമുള്ള ആയിരക്കണക്കിനാളുകളുടെ മൊബൈല്‍ ഫോണിലേക്ക് നുഴഞ്ഞു കയറിയതായി ലോകത്തെ പ്രമുഖ മാധ്യമങ്ങളുടെ കൂട്ടായ്മ രണ്ടു ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തത്. അതോടെ, ഇന്ത്യയിലടക്കം അത് വലിയ ചര്‍ച്ചയായി.
മൊബൈലില്‍ കടന്നുകയറിയാല്‍, ഉടമഅറിയാതെ സര്‍വ്വ വിവരവും ചോര്‍ത്താനും ക്യാമറ ഉപയോഗിക്കാനും മെസേജുകള്‍ അയക്കാനും മറ്റ് ആപ്പുകള്‍ ഉപയോഗിക്കാനും ഒക്കെ കഴിയുന്ന രഹസ്യ മാല്‍വെയറിനായി ഗൂഗിളിലടക്കം അന്വേഷണം പെരുകുകയും ചെയ്തു. ഇതിനിടയിലാണ് പെഗാസസ് ഓണ്‍ലൈന്‍ എന്ന ആപ്പിലേക്ക് ആളുകള്‍ ചെന്നുകയറിയത് എന്ന് കരുതാം. ''പെഗാസസ് എന്ന പേരിട്ട സമയത്ത്, ഇതെന്താ പ്രകാശനോ എന്ന് ചോദിച്ച് കളിയാക്കിയവരുണ്ടായിരുന്നു. എന്നാല്‍ ഇതിനൊക്കെ ശരിക്കും അര്‍ത്ഥമുണ്ടല്ലേ എന്നാണ് അന്ന് കളിയാക്കിവര്‍ ഇപ്പോള്‍ ചോദിക്കുന്നത്.''-സനൂപ് പറയുന്നു.
പെഗാസസ് വാര്‍ത്തകളില്‍ നിറഞ്ഞതിനു പിന്നാലെ രണ്ട് ദിവസം കൊണ്ട് ഈ ആപ്പിന് ആയിരത്തിലേറെ ഡൗണ്‍ലോഡ്‌സ് ആണ് വന്നത്. ''ദിവസവും നിരവധി പേരാണ് ഫോണ്‍ വിളിക്കുന്നത്. ഇവര്‍ സംസാരിക്കുന്നത് ഹിന്ദി പോലുള്ള ഭാഷകളിലാണ്. പലരും പറയുന്നത് മനസ്സിലാവുന്നേയില്ല. ആപ്പില്‍നിന്നാവാം മൊബൈല്‍ നമ്പര്‍ ലഭിക്കുന്നത്. വിളിക്കുന്നവരില്‍ സ്ത്രീകളുമുണ്ട്. ഫോണ്‍ കോളുകള്‍ മിക്കതും രാത്രി 12 മണിക്ക് ശേഷമാണ്. ''സനൂപ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam