
ഇടുക്കി: തൊടുപുഴയിൽ ഏഴ് വയസ്സുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അമ്മയ്ക്കൊപ്പം താമസിച്ച സുഹൃത്ത് കസ്റ്റഡിയില്‍. ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പൊലീസ് കസ്റ്റഡിയിലുള്ള മുപ്പത്തഞ്ചുകാരന്‍റെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും.
അമ്മയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തും. പ്രതി കുട്ടിയെ നിലത്തിട്ട് പല തവണ തലയിൽ ചവിട്ടിയെന്നും അലമാരിക്ക് ഇടയില്‍ വെച്ച് ഞെരിക്കുകയും ചെയ്തുവെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. അമ്മയും സുഹൃത്തും പുറത്തുപോയി വന്നപ്പോൾ ഇളയ കുട്ടി സോഫയിൽ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് ഏഴുവയസ്സുകാരനോട് ഇയാൾ ചോദിച്ചു. വ്യക്തമായ ഉത്തരം കിട്ടാത്തതിനെ തുടർന്നാണ് പ്രതി മൂത്ത കുഞ്ഞിനെ മർദ്ദിച്ചത്.
തടയാൻ ശ്രമിച്ച അമ്മയുടെ മുഖത്ത് അടിക്കുകയും ചെയ്തു. ഇത് കണ്ട് പേടിച്ച് കരഞ്ഞ മൂത്തകുട്ടിയെ ഇയാൾ നിലത്തിട്ട് പല തവണ തലയിൽ ചവിട്ടി. ഇളയ കുഞ്ഞിനും മർദ്ദനമേറ്റു. ഏഴുവയസ്സുകാരന്‍റെ തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തേയും ഇയാൾ കുഞ്ഞുങ്ങളെ അടിച്ചിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആന്തരിക രക്തസ്രാവമുള്ളതിനാൽ കുട്ടിയുടെ അവസ്ഥ മോശമായി തന്നെ തുടരുകയാണ്. കുട്ടി വെന്‍റിലേറ്ററിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈൽഡ് വെൽഫെയർ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.
പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടർന്ന് തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരനൊപ്പമായിരുന്നു കുട്ടികളും അമ്മയും താമസിച്ചിരുന്നത്. പൊലീസ് നിരീക്ഷണത്തിലുള്ള ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam