
ഇടുക്കി: തൊടുപുഴ നഗരസഭയിൽ അധ്യക്ഷ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും കോൺഗ്രസിൽ തർക്കം. കോൺഗ്രസിന് അധ്യക്ഷസ്ഥാനം കിട്ടുന്ന ടേണിൽ ലിറ്റി ജോസഫിന് ചുമതല കൊടുക്കണമെന്ന് മിനിറ്റ്സിൽ ബ്ലോക്ക് പ്രസിഡന്‍റ് എഴുതിച്ചേർത്തതാണ് വിവാദമായത്. സംഭവത്തിൽ അമർഷം രേഖപ്പെടുത്തിയ ഡിസിസി പ്രസിഡന്‍റ്, മിനുട്സ് തിരുത്താൻ നിർദേശം നൽകി. ബ്ലോക്ക് പ്രസിഡന്‍റിന്‍റെ നീക്കത്തിനെതിരെ കെപിസിസിക്ക് പരാതി നൽകുമെന്ന് കോൺഗ്രസ് കൗൺസിലറും കെപിസിസി ജനറൽ സെക്രട്ടറിയുമായ നിഷ സോമൻ അറിയിച്ചു.
തൊടുപുഴയിൽ നിഷ സോമന് അധ്യക്ഷസ്ഥാനം നൽകുന്നതിനെച്ചൊല്ലിയുളള തർക്കം അവസാന നിമിഷത്തിലും പ്രകടമായിരുന്നു ഇടുക്കി ഡിസിസിയിൽ. നിഷയോ ലിറ്റിയോ എന്നതിൽ അന്തിമ തീരുമാനമാവാത്തതിലാണ് സമവായമെന്ന നിലയിലാണ് മുസ്ലീം ലീഗിന് ആദ്യടേം നൽകാൻ കോൺഗ്രസ് തീരുമാനിച്ചത്. ചെയർമാൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചേർന്ന പാർലമെന്‍ററി പാർടിയോഗത്തിലാണ് കോൺ. ബ്ലോക്ക് പ്രസിഡൻ്റ് ഷിബിലി മിനുട്സിൽ വ്യക്തിതാത്പര്യം എഴുതിച്ചേർത്തതെന്ന പരാതി ഉയർന്നത്. കോൺഗ്രസിന് അധ്യക്ഷസ്ഥാനം കിട്ടുന്ന അവസാന രണ്ട് വർഷത്തിൽ ലിറ്റിജോസഫിനെ ചെയർപേഴ്സൺ ആക്കണമെന്ന് എഴുതി കൗൺസിലർമാരുടെ ഒപ്പ് വാങ്ങി. വ്യക്തിതാത്പര്യമാണ് ബ്ളോക്ക് പ്രസിഡന്‍റ് നടപ്പാക്കാൻ ശ്രമിച്ചതെന്ന് നിഷ സോമൻ പ്രതികരിച്ചു.
സർവ്വസമ്മതയായ ഒരാളെന്ന രീതിയിലാണ് ലിറ്റിയുടെ പേര് മിനുട്സിൽ എഴുതിയതെന്നും ഇത് വിവാദമാക്കേണ്ടെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഷിബിലി അറിയിച്ചു. സംഭവം വിവാദമായതോടെ, ഡിസിസി പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരം മിനുട്സ് കോൺ. പാർലമെന്‍ററി പാർടി അധ്യക്ഷൻ തിരുത്തി കഴിഞ്ഞ തവണ നഗരസഭ ഭരണത്തിനുളള സാധ്യതുണ്ടായിട്ടും നാലരവർഷക്കാലം പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നത് ബ്ലോക്ക് പ്രസിഡന്‍റിന്‍റെ പിൻസീറ്റ് ഡ്രൈവിംഗ് കാരണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചിരുന്നു. വ്യക്തമായ ഭൂരിപക്ഷമുണ്ടായ ഇക്കുറിയും ഇത്തരം ഇടപെടലുകൾ പ്രതിസന്ധിയാകുമോയെന്നാണ് യുഡിഎഫ് ആശങ്ക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam