
തൊടുപുഴ: തൊടുപുഴ നഗരസഭാധ്യക്ഷ സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസിൽ കലഹം. തൊടുപുഴയിൽ പ്രതിഷേധ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിന് എതിരെയാണ് പോസ്റ്റർ. റബ്ബർ സ്റ്റാമ്പ് ചെയർപേഴ്സിനെ തൊടുപുഴയ്ക്ക് വേണ്ടെന്നാണ് പോസ്റ്ററിൽ പറയുന്നത്.
ലിറ്റി ജോസഫിനെ നഗരസഭാ അധ്യക്ഷ ആക്കാനുള്ള നീക്കത്തിനെതിരെയാണ് 'കോൺഗ്രസ് പ്രവർത്തകർ' എന്ന പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ചരട് വലിക്ക് പുറകിൽ ബ്ലോക്ക് പ്രസിഡന്‍റ് എന്നും പോസ്റ്ററിൽ ആരോപണമുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമനെയാണ് തെരഞ്ഞെടുപ്പ് കാലത്ത് നഗരസഭാ അധ്യക്ഷയായി ഉയർത്തിക്കാട്ടിയിരുന്നത്. അതേസമയം ഫലം വന്ന ശേഷം ലിറ്റി ജോസഫിനെ ഒരു വിഭാഗം ഉയർത്തിക്കാട്ടുകയായിരുന്നു.
തൊടുപുഴ നഗരസഭാ അധ്യക്ഷ സ്ഥാനം ലിറ്റി ജോസഫിന് നൽകണമെന്ന് കൗൺസിലർമാർ കത്ത് നൽകി. 9 കോൺഗ്രസ് കൗൺസിലർമാർ ഒപ്പിട്ട കത്ത് ഡിസിസിക്കും കെപിസിസി നേതൃത്വത്തിനും സമർപ്പിച്ചു. കോൺഗ്രസിന് ആകെ കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമൻ ഉൾപ്പെടെ 10 കൗൺസിലർമാരാണ്. നഗരസഭാ അധ്യക്ഷ സ്ഥാനം സംബന്ധിച്ച തർക്കം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുകയാണ്. മുസ്ലിം ലീഗിന് ആദ്യം അധ്യക്ഷ സ്ഥാനം നൽകി പ്രശ്നം പരിഹരിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.
ഈരാറ്റുപേട്ട നഗരസഭയിൽ കോൺഗ്രസ്-മുസ്ലിം ലീഗ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയാണ് തർക്കം. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ വൈസ് ചെയർമാൻ സ്ഥാനം മാത്രം നൽകാമെന്നാണ് മുസ്ലിം ലീഗ് നിലപാട്. ചെയർപേഴ്സൺ സ്ഥാനം ഇല്ലെങ്കിൽ ഭരണത്തിന്‍റെ ഭാഗമാകാനില്ലെന്ന കടുത്ത നിലപാടിലാണ് കോൺഗ്രസ്. ജില്ലാ നേതൃത്വം ഇടപെട്ടിട്ടും രണ്ട് പാർട്ടികളും വിട്ടുവീഴ്ചയ്ക്ക് ഇതുവരെ തയ്യാറായിട്ടില്ല. നഗരസഭയിൽ അനിശ്ചിതത്വം തുടരുകയാണ്. ഈരാറ്റുപേട്ടയിൽ 29 വാർഡിൽ 16 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. 9 ഇടത്ത് ജയിച്ചത് ലീഗാണ്. അഞ്ച് പേർ കോണ്‍ഗ്രസിന്‍റെ കൌണ്‍സിലർമാരാണ്. രണ്ട് സ്വതന്ത്രരുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam