
ദില്ലി: ഉന്നാവ് പീഡനക്കേസ് പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ദില്ലി ഹൈക്കോടതി മരവിപ്പിച്ചു. കർശന ഉപാധികളോടെയാണ് കുൽദീപ് സിംഗ് സെൻഗറിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സുബ്രഹ്‌ണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. ആരോഗ്യകാരണങ്ങൾ അടക്കം ചൂണ്ടിക്കാട്ടി സെൻഗർ സമർപ്പിച്ച ഹർജിയിലാണിത്. ദില്ലിയിൽ തന്നെ തുടരണമെന്നും, അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ പോകരുതെന്നും ഹൈക്കോടതി ഉപാധിവച്ചു.
അതിജീവിതയെയും കുടുംബത്തെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ പൊലീസ് സ്റ്റേഷനിൽ എല്ലാ തിങ്കളാഴ്ചയും റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി. ശിക്ഷയ്‌ക്കെതിരെയുള്ള അപ്പീലിൽ അന്തിമതീർപ്പാകും വരെയാണ് ജാമ്യം. നേരത്തെ നേത്ര രോഗ ശസ്ത്രക്രിയ നടത്താൻ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, ദില്ലി ഹൈക്കോടതി നടപടിക്കെതിരെ അതിജീവിത പ്രതിഷേധമറിയിച്ചു. ഇന്നലെ രാത്രി ഇന്ത്യാ ഗേറ്റിന് സമീപം കൊടുംതണുപ്പിലാണ് അതിജീവിത പ്രതിഷേധം നടത്തിയത്. അതിജീവിതയേയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam