ഒറ്റ തെരഞ്ഞെടുപ്പ്: ചെലവ് ചുരുക്കാമെന്ന വാദം അബദ്ധധാരണയാണെന്ന് കണക്കുകള്‍ നിരത്തി തോമസ് ഐസക്ക് 

Published : Sep 12, 2023, 04:14 PM IST
ഒറ്റ തെരഞ്ഞെടുപ്പ്: ചെലവ് ചുരുക്കാമെന്ന വാദം അബദ്ധധാരണയാണെന്ന് കണക്കുകള്‍ നിരത്തി തോമസ് ഐസക്ക് 

Synopsis

തെരഞ്ഞെടുപ്പു ചെലവിന്റെ മൊത്തം തുക കാണിച്ച് മനുഷ്യരെ വിരട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും തോമസ് ഐസക്ക്. 

തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുകയാണെങ്കില്‍ ചെലവ് കുറയുമെന്നത് അബദ്ധധാരണയാണെന്ന് മുന്‍ധനകാര്യമന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിന്റെ മൊത്തം ചെലവിന്റെ 60 ശതമാനം വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് വേണ്ടിയാണ്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണെങ്കില്‍ അധികം വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങേണ്ടി വരും. 6000 കോടി രൂപയെങ്കിലും ഈ ഇനത്തില്‍ അധികച്ചെലവ് ഉണ്ടാവുമെന്നും തോമസ് ഐസക്ക് പറഞ്ഞു. 

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പിനോടൊപ്പം തദ്ദേശഭരണ തെരഞ്ഞെടുപ്പു കൂടി നടത്താന്‍ തീരുമാനിച്ചാല്‍ അത്രയും കൂടുതല്‍ വോട്ടിംഗ് യന്ത്രങ്ങളും ചെലവുകളും കൂടുതലായി വേണ്ടി വരും. തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിന്റെ ഫലമായി തെരഞ്ഞെടുപ്പു ചെലവ് ചുരുക്കാമെന്ന വാദം ശുദ്ധ ഭോഷ്‌കാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. തെരഞ്ഞെടുപ്പു ചെലവിന്റെ മൊത്തം തുക കാണിച്ച് മനുഷ്യരെ വിരട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു. 


തോമസ് ഐസക്കിന്റെ കുറിപ്പ്: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'' എന്നതു നടപ്പാക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ദുര്‍വ്യയം ഒഴിവാക്കപ്പെടുന്നതാണു വലിയ നേട്ടമായി കേന്ദ്രമന്ത്രിമാര്‍ തന്നെ വിശദീകരിക്കുന്നത്. എന്താണു വസ്തുത? തെരഞ്ഞെടുപ്പ് ചെലവുകള്‍ വര്‍ദ്ധിച്ചുവരുന്നൂവെന്നത് അവിതര്‍ക്കിതമാണ്. 1951-52-ലെ ആദ്യ ലോകസഭാ തെരഞ്ഞെടുപ്പിനു 10 കോടി രൂപയേ ചെലവ് വന്നുള്ളൂ. 1971-ലെ അഞ്ചാമത് ലോകസഭാ തെരഞ്ഞെടുപ്പുവരെ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ചെലവ് ഏതാണ്ട് ഇതേ തോതില്‍ തുടര്‍ന്നു. പിന്നെ അനുക്രമമായ വളര്‍ച്ചയാണ് കാണാന്‍ കഴിയുന്നത്. 1989-ലെ 9-ാം ലോകസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി 100 കോടി കടന്നത്. 2004-ലെ 14-ാം ലോകസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി 1000 കോടി കടന്നു. 2014-ലെ 16-ാമതു ലോകസഭാ തെരഞ്ഞെടുപ്പിലാണ് റെക്കോര്‍ഡ് തുക കുതിച്ചുചാട്ടമുണ്ടായത്. സര്‍ക്കാര്‍ ചെലവ് 3870 കോടി രൂപയായി. 2019-ലെ 16-ാമതു ലോകസഭാ തെരഞ്ഞെടുപ്പിന്റെ ചെലവ് 3870 കോടി രൂപയാണ്. 2019-ല്‍ 8966 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിനു ചെലവായത്. 

സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചെലവ് സംസ്ഥാന സര്‍ക്കാരുകളാണു വഹിക്കുന്നത്. അത് എത്രയെന്നു കൃത്യമായ കണക്കുകള്‍ ഇല്ല. പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാക്കിയാല്‍ ചെലവില്‍ ഗണ്യമായ കുറവ് ഉണ്ടാക്കാന്‍ കഴിയുമെന്നാണു വാദം. ഇവരുടെ അടിസ്ഥാന അനുമാനം നിയമസഭാ തെരഞ്ഞെടുപ്പിന് ലോകസഭാ തെരഞ്ഞെടുപ്പിനു തുല്യമായ തുക സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിക്കുന്നുണ്ട് എന്നതാണ്. കേന്ദ്രമന്ത്രിമാര്‍ വരെ ആവര്‍ത്തിക്കുന്ന ഒരു അബദ്ധധാരണയാണിത്. 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ ചെലവായ 8966 കോടി രൂപയില്‍ 5430 കോടി രൂപ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കാണു ചെലവായത്. എന്നുവച്ചാല്‍ തെരഞ്ഞെടുപ്പിന്റെ മൊത്തം ചെലവിന്റെ 60 ശതമാനം വോട്ടിംഗ് യന്ത്രങ്ങള്‍ക്കു വേണ്ടിയാണ്. ഇതേ യന്ത്രങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പിനും ഉപയോഗിക്കുന്നത്. വോട്ടിംഗ് യന്ത്രത്തിന്റെ ആയുസ് 15 വര്‍ഷമാണ്. 2019-ല്‍ വാങ്ങിയവ 2024-ലെ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാം. എന്നാല്‍ ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണെങ്കിലോ? ഇത്രതന്നെ വോട്ടിംഗ് യന്ത്രങ്ങള്‍ പുതിയതായി വാങ്ങേണ്ടിവരും. കാരണം നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രത്യേക വോട്ടിംഗ് യന്ത്രങ്ങള്‍ വേണ്ടിവരും. 5000-6000 കോടി രൂപയെങ്കിലും ഈ ഇനത്തില്‍ അധികച്ചെലവ് ഉണ്ടാവും. ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തിയാല്‍ വോട്ടിംഗ് യന്ത്രത്തിന്റെ കാര്യത്തിലെങ്കിലും ചെലവ് ഇരട്ടിയാക്കുകയാണു ചെയ്യുക.

കൂടുതല്‍ പോളിംഗ് ബൂത്തുകള്‍ വേണ്ടിവരും. കാരണം രണ്ട് സഭകളിലേക്കും വോട്ടിംഗ് വേണ്ടിവരുമ്പോള്‍ പോളിംഗ് സ്വാഭാവികമായി പതുക്കെയാകും. അപ്പോള്‍ പകല്‍കൊണ്ട് വോട്ടിംഗ് പൂര്‍ത്തീകരിക്കണമെങ്കില്‍ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയേ തീരൂ. ആനുപാതികമായി കൂടുതല്‍ ഉദ്യോഗസ്ഥരും വേണ്ടിവരും. ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പിനോടൊപ്പം തദ്ദേശഭരണ തെരഞ്ഞെടുപ്പുകൂടി ഒരുമിച്ചു നടത്താന്‍ തീരുമാനിച്ചാല്‍ അത്രയും കൂടുതല്‍ വോട്ടിംങ് യന്ത്രങ്ങളും ചെലവുകളും കൂടുതലായി വേണ്ടിവരും. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിന്റെ ഫലമായി തെരഞ്ഞെടുപ്പു ചെലവ് ചുരുക്കാമെന്ന വാദം ശുദ്ധ ഭോഷ്‌കാണ്. നമ്മള്‍ ഓര്‍ക്കേണ്ടുന്ന മറ്റൊരു അടിസ്ഥാന കാര്യമുണ്ട്. തെരഞ്ഞെടുപ്പിനു വേണ്ടിവരുന്ന ചെലവ് ഒരു ധൂര്‍ത്താണോ? പാര്‍ലമെന്ററി ജനാധിപത്യത്തിന് അനിവാര്യമായ വിലയാണിത്. തെരഞ്ഞെടുപ്പു വേണ്ടെന്നുവച്ചാല്‍ മുഴുവന്‍ ചെലവും ലാഭിക്കാല്ലോ? ആരെങ്കിലും അത്തരമൊരു വാദം മുന്നോട്ടുവയ്ക്കുമോ? തെരഞ്ഞെടുപ്പു ചെലവ് സര്‍ക്കാരിന്റെ മൊത്തം ചെലവിന്റെ ആനുപാതമായി കണക്കാക്കിയാല്‍ ഭയപ്പെടുന്നപോലെ വര്‍ദ്ധന ഉണ്ടായിട്ടില്ലായെന്നു കാണാവുന്നതാണ്. 2019-ലെ ലോകസഭാ തെരഞ്ഞെടുപ്പിനുവേണ്ടിവന്ന 8976 കോടി രൂപ സര്‍ക്കാരിന്റെ 2019-ലെ മൊത്തം ബജറ്റ് ചെലവിന്റെ 0.33 ശതമാനമേ വരികയുള്ളൂ. കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം ചെലവിന്റെ നിസാരമൊരു ശതമാനമേ തെരഞ്ഞെടുപ്പു ചെലവു വരുന്നുള്ളൂ. പക്ഷേ, 1980-81-ലും 1996-67-ലും തെരഞ്ഞെടുപ്പ് ചെലവ് കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് യഥാക്രമം 0.30-ഉം 0.36-ഉം ശതമാനം വന്നിരുന്നു.

മറ്റൊരു കാര്യവുംകൂടി എടുത്തു പറയേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചെലവാക്കിയ പണം മുഴുവന്‍ തെരഞ്ഞെടുപ്പു വര്‍ഷത്തെ സര്‍ക്കാര്‍ ചെലവിന്റെ വിഹിതമായിട്ടാണു മുകളില്‍ കണക്കുകൂട്ടിയത്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയല്ല കാര്യങ്ങള്‍. 2019-ലെ 8966 കോടി രൂപ ചെലവു വന്നതില്‍ 2682 കോടി രൂപ 2017-18-ലും 4820 കോടി രൂപ 2018-19-ലുമാണു ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് നടന്ന 2019-20-ല്‍ 1464 രൂപയേ ചെലവായിട്ടുള്ളൂ. യഥാര്‍ത്ഥത്തില്‍ അഞ്ച് വര്‍ഷത്തെ സര്‍ക്കാരിന്റെ ചെലവില്‍ എത്ര ശതമാനം തെരഞ്ഞെടുപ്പു ചെലവ് വന്നൂവെന്നാണു കണക്ക് കൂട്ടേണ്ടത്. അങ്ങനെ കൂട്ടുമ്പോള്‍ അത് കേവലം 0.07 ശതമാനം മാത്രമാണ്. തെരഞ്ഞെടുപ്പു ചെലവിന്റെ മൊത്തം തുക കാണിച്ച് മനുഷ്യരെ വിരട്ടാനാണ് ബിജെപി ശ്രമിക്കുന്നത്.

 ഇന്ത്യ- സൗദി അറേബ്യ ഇൻവെസ്റ്റ്‍‍മെന്‍റ് ഫോറം; ഇരു രാജ്യങ്ങളിലും ഓഫീസുകൾ സ്ഥാപിക്കാൻ തീരുമാനം 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം; വിശദീകരണവുമായി അദാനി പോർട്സ് സിഇഒ, എംഎസ്‍‍സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്ന് വിശദീകരണക്കുറിപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, വിവരങ്ങളറിയാം