ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഇന്ത്യ-സൗദി അറേബ്യ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫോ​റ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 45ലേറെ ധാരണാപത്രങ്ങളിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്.

ദില്ലി: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നു. ഉഭയകക്ഷി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദിന്‍റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് നിര്‍ണായക തീരുമാനങ്ങളുണ്ടായത്. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഇന്ത്യ-സൗദി അറേബ്യ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫോ​റ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 45ലേറെ ധാരണാപത്രങ്ങളിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ദില്ലിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ ഇരു രാജ്യങ്ങളിലും ഓഫീസുകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തു. 

വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം, സൗദി നിക്ഷേപ മന്ത്രാലയം എന്നിവ സംയുക്തമായാണ് ഇന്ത്യ-സൗദി അറേബ്യ ഇന്‍വെസ്റ്റ്‌മെന്റ് ഫോറം 2023 സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായാണ് ഉഭയകക്ഷി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗം ദില്ലിയില്‍ ചേര്‍ന്നത്. ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള 500ലേറെ കമ്പനികളുടെ സാന്നിധ്യം ഫോറത്തിലുണ്ടായിരുന്നു. ഇന്ത്യക്കും സൗദി അറേബ്യയ്ക്കുമിടയിലെ ആദ്യ ഔപചാരിക ചര്‍ച്ചായോഗമാണിത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ വിവിധ മേഖലകളില്‍ ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സൗദി കിരീടാവകാശി നേരത്തെ നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണിത്. 

ഇന്ത്യ-സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം 2023ന്‍റെ മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പ്, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്‌സ്റ്റൈല്‍സ് മന്ത്രി പീയൂഷ് ഗോയലും സൗദി അറേബ്യയുടെ നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് എ അല്‍ ഫാലിഹും സഹ അധ്യക്ഷ സ്ഥാനം വഹിച്ചു. 

രണ്ട് രാജ്യങ്ങളുടെയും നിക്ഷേപ പ്രോത്സാഹന ഏജന്‍സികളുടെ സഹകരണം വര്‍ധിപ്പിക്കുക, നിക്ഷേപ പ്രോത്സാഹന ഓഫീസുകള്‍ സ്ഥാപിക്കുക, നിലവില്‍ ഫണ്ടുകള്‍ വഴിയുള്ള നിക്ഷേപങ്ങളുടെയും സംയുക്ത പ്രോജക്ടുകളുടെ സാധ്യതയ്ക്കും പുറമെ ഇന്ത്യയിലേക്ക് നേരിട്ടുള്ള നിക്ഷേപം പരിഗണിക്കാന്‍ സൗദി സോവറിന്‍ വെല്‍ത്ത് ഫണ്ടുകളുടെ പ്രോത്സാഹനം എന്നിവ വഴി സ്റ്റാര്‍ട്ടപ്പുകള്‍, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസം, ഇരു രാജ്യങ്ങളുടെയും ബിസിനസും നിക്ഷേപ പരിസ്ഥിതിവ്യവസ്ഥകളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുക എന്നിങ്ങനെ വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ബിസിനസ് സമ്മേളനത്തെ സംയുക്തമായി അഭിസംബോധന ചെയ്തുകൊണ്ട് ഇരു മന്ത്രിമാരും ചര്‍ച്ച ചെയ്തു. 

സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ഇക്കണോമി ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ്സ് കമ്മറ്റിക്ക് കീഴിൽ കണ്ടെത്തിയ പങ്കാളിത്ത സാധ്യതകൾ അതിവേഗം സാക്ഷാത്കരിക്കുന്നതിനുള്ള സമ്മതം മന്ത്രിതല ചർച്ചയില്‍ നിര്‍ണായകമായി. ഭക്ഷ്യ സംസ്‌കരണം, ലോജിസ്റ്റിക്‌സ്, ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യ സംരക്ഷണം, ഊർജം, പ്രത്യേകിച്ച് പുനരുപയോഗിക്കാവുന്ന ഊർജം, നൈപുണ്യ വികസനം, ബഹിരാകാശം, ഐസിടി, സ്റ്റാർട്ടപ്പുകൾ, പ്രത്യേകിച്ചും ഡിജിറ്റൽ മേഖലകളിലെ നിക്ഷേപ സഹകരണ സാധ്യതകള്‍ എന്നിവയും മന്ത്രിമാർ വിശദീകരിച്ചു.

വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി, രാജേഷ് കുമാർ സിംഗ്, ഫോറത്തിലെ സ്വാഗത പ്രസംഗത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. 

Read Also -  സൗദിയിലെ ഇന്ത്യന്‍ പ്രവാസികളെ സ്വന്തം പൗരന്മാരെപ്പോലെയാണ് കാണുന്നതെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

ഇന്‍വെസ്റ്റ് സൗദി, ഇന്‍വെസ്റ്റ് ഇന്ത്യ, സൗദി അറേബ്യ എക്കണോമിക് സിറ്റീസ് ആന്‍ഡ് സ്‌പെഷ്യല്‍ സോണ്‍സ് അതോറിറ്റി,ഗിഫ്റ്റ് സിറ്റി, ഐഎഫ്എസ്സി(ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍), സൗദി സാംസ്‌കാരിക, ഫിലിം കമ്മീഷന്‍, സൗദി അറേബ്യയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പ്രൈവറ്റൈസേഷന്‍ എന്നിവയുടെ, ഇന്ത്യയിലെയും സൗദി അറേബ്യയിലെയും വിപുലമായ നിക്ഷേപ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിശദമായ അവതരണങ്ങളും ഫോറത്തിലുണ്ടായിരുന്നു. 

ഐസിറ്റിയും സംരംഭകത്വവും, രാസപദാര്‍ത്ഥങ്ങളും രാസവളങ്ങളും, ഊര്‍ജ്ജവും സുസ്ഥിരതയും, അഡ്വാന്‍സ്ഡ് മാനുഫാക്ടറിങ്, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെ കുറിച്ചുള്ള ബ്രേക്കൗട്ട് സെഷനുകളും നടത്തി. ഈ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ പങ്കുവെച്ചുകൊണ്ട്, ഇതില്‍ വൈദഗ്ധ്യവും താല്‍പ്പര്യവുമുള്ള, ഇരു ഭാഗത്തു നിന്നുമുള്ള ബിസിനസുകള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. രണ്ടു രാജ്യങ്ങളും ഒപ്പിട്ട ധാരണാപത്രങ്ങള്‍ ഇരു ഭാഗത്തെയും സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ ശക്തമാക്കുകയും നിക്ഷേപം ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...