കിഫ്ബി കേസ്:തോമസ് ഐസക് ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകില്ല,ഇഡിക്കെതിരെ ഐസക്കും എംഎൽഎമാരും നൽകിയ ഹർജി ഹൈക്കോടതിയിൽ

Published : Aug 11, 2022, 06:05 AM ISTUpdated : Aug 11, 2022, 10:02 AM IST
കിഫ്ബി കേസ്:തോമസ് ഐസക് ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകില്ല,ഇഡിക്കെതിരെ ഐസക്കും എംഎൽഎമാരും നൽകിയ ഹർജി ഹൈക്കോടതിയിൽ

Synopsis

ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തോമസ് ഐസക്കിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത്

തിരുവനന്തപുരം : കിഫ്ബി കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് മുന്പാകെ ഹാജരാകില്ല. രാവിലെ പതിനൊന്നിന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ കിഫ്ബിയുമായി ബന്ധപ്പെട്ട് എതു സാഹചര്യത്തിലാണ് തനിക്ക് നോട്ടീസ് നൽകിയത് എന്ന് മറുപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് കത്ത് നൽകുമെന്നാണ് വിവരം. ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തോമസ് ഐസക്കിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത്. കിഫ്ബിയ്ക്ക് പണ സമാഹരണത്തിനായി വിദേശ ഫണ്ട് സ്വീകരിച്ചതലടക്കം കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാണ് ആരോപണം. എന്നാൽ റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പോലുളള ഏജൻസികളെ രാഷ്ട്രീയ വേട്ടയാടലിനുളള ആയുധമാക്കി കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നെന്നുമാണ് സിപിഎം നിലപാട്. 

 

അതിനിടെ കിഫ്ബിയേയും മസാല ബോണ്ടുകളെയും പറ്റി വ്യക്തത നൽകണമെന്നാവശ്യപ്പെട്ട്  എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് നൽകിയ സമൻസുകർക്കെതിരെയുള്ള മുൻ ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിദേശ നാണ്യ വിനിമയ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് സമൻസെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും താൻ ചെയ്ത കുറ്റമെന്തെന്നോ കിഫ്ബിയോ താനോ ചെയ്ത നിയമ ലംഘനം എന്താണെന്നോ സമൻസുകളിൽ പറയുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. കിഫ്ബിയുടെ എല്ലാ പ്രവർത്തനങ്ങളും നിയമപരമാണ്.കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെ‌ന്റ് ഫണ്ട് ആക്ട് പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഹർജിയിൽ വിശദീകരിക്കുന്നു. സമൻസുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റിനെ തടയണമെന്നാണ് ഹർജിയിലെ ആവശ്യം

കിഫ്ബിക്കെതിരായ ഇഡി നീക്കത്തിനെതിരെ അഞ്ച് എം എൽ എമാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ് ,ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്. 73000 കോടി രൂപയുടെ പദ്ധതിയായ കിഫ് ബിയെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് ശ്രമിക്കുന്നെന്നാണ് ഹർജിയിലെ ആരോപണം. ബൃഹത്തായ പദ്ധതികൾ നിസ്സാര കാരണത്താൽ തകർക്കരുതെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ലംഘനമാണിത്.എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് നടപടി സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളിലേക്കുള്ള കടന്നു കയറ്റമെന്നും ഹർജിയിൽ പറയുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ