'കുഴൽനാടന്‍റെ കണക്ക് പരിശോധിക്കാന്‍ ക്ഷണമുണ്ട്, അത്ര പ്രാവീണ്യമില്ല, പഠിച്ചത് അക്കൗണ്ടൻസിയല്ല, ധനശാസ്ത്രമാണ്'

Published : Aug 21, 2023, 12:30 PM ISTUpdated : Aug 21, 2023, 01:17 PM IST
'കുഴൽനാടന്‍റെ കണക്ക് പരിശോധിക്കാന്‍ ക്ഷണമുണ്ട്, അത്ര പ്രാവീണ്യമില്ല, പഠിച്ചത് അക്കൗണ്ടൻസിയല്ല, ധനശാസ്ത്രമാണ്'

Synopsis

കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു പറയരുത്,വീണ നികുതി അടച്ചിട്ടുണ്ടോയെന്ന് വകുപ്പ് വ്യക്തത വരുത്തട്ടെയെന്ന് തോമസ്ഐസക്

തിരുവനന്തപുരം: വീണ വിജയനെതിരായ ആരോപണത്തില്‍ മാത്യു കുഴല്‍നാടനെതിരെ മുന്‍ മന്ത്രി തോമസ് ഐസക് രംഗത്ത്. തന്‍റെ സ്വത്ത് വിവരം പരിശോധിക്കാനുള്ള മാത്യുവിന്‍റെ ക്ഷണം അദ്ദേഹം തള്ളി. കണക്ക് പരിശോധനയിൽ  അത്ര പ്രാവീണ്യം ഇല്ല.  പഠിച്ചത് അക്കൗണ്ടൻസിയല്ല, ധനശാസ്ത്രമാണ്. അതുകൊണ്ട് സദയം ക്ഷമിക്കുക. അന്നത്തെ ജിഎസ്ടി പത്രസമ്മേളനത്തിൽ ഉത്തരം പറയാൻ വിശദീകരിച്ച ചോദ്യങ്ങൾക്ക് അങ്ങു തന്നെ മറുപടി പറയണമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

തോമസ് ഐസക്ക് പോസ്റ്റിൽ പറയുന്ന പ്രധാന കാര്യങ്ങള്‍

ഒരു വക്കീലും ഇങ്ങനെ കേസുവാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല. ബാംഗ്ലൂരിൽ വീണാ വിജയൻ എക്സാലോജിക്  എന്ന ഐറ്റി കമ്പനി നടത്തുന്നു. ഈ കമ്പനിയും വീണയും CMRL കമ്പനിയുമായി കൺസൾട്ടൻസി സർവ്വീസിനുള്ള കരാറിൽ ഒപ്പിടുന്നു. അതിന്‍റെ  ഭാഗമായി CMRL മാസംതോറും നൽകുന്ന കൺസൾട്ടൻസി / മെയിന്റനൻസ് സർവ്വീസ് ഫീ മാസപ്പടിയാണെന്ന നരേറ്റീവ് സൃഷ്ടിക്കുന്നു. ഇത് ആവർത്തിച്ച് ഉറപ്പിച്ച് പൊതുബാധ്യമാക്കാനുള്ള തത്രപ്പാടിലായിരുന്നു യുഡിഎഫ്. അപ്പോഴാണ് കുഴൽനാടന്‍റെ  പത്രസമ്മേളനം. അദ്ദേഹം പുതിയൊരാക്ഷേപം ഉന്നയിക്കുന്നു. വീണയുടെ കമ്പനി ജി.എസ്.ടി അടച്ചിട്ടില്ല. അവർ സർവ്വീസ് സപ്ലൈയർ ആണ്. അതുകൊണ്ട് നികുതി അടയ്ക്കണം. ഒട്ടും നികുതി അടച്ചിട്ടില്ലായെന്നു കുഴൽനാടനും വാദമില്ല. മുഴുവൻ നികുതിയും അടച്ചിട്ടില്ലായെന്നാണ് ആക്ഷേപം. നികുതി വെട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നൽകുകയും ചെയ്തു.

അപ്പോൾ കുഴൽനാടനും സമ്മതിച്ചിരിക്കുന്നു എക്സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങൾക്കുള്ള പ്രതിഫലമാണെന്ന്. അതിനു സർവ്വീസ് ടാക്സ് അല്ലെങ്കിൽ ജി.എസ്.ടി നൽകിയേ തീരൂ. ഇതോടെ മാസപ്പടി വിവാദത്തിനു തിരശ്ശീല വീണിരിക്കുകയാണ്. കുഴൽനാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീർന്നു.

ഇനിയുള്ളത് ജി.എസ്.ടി നികുതി അടച്ചോയെന്നുള്ളതാണ്. അതിനാദ്യം വേണ്ടത് ജി.എസ്.ടി രജിസ്ട്രേഷനാണ്. വീണക്കും കമ്പനിക്കും പ്രത്യേകം ജി.എസ്.ടി രജിസ്ട്രേഷൻ ഉണ്ട്. രണ്ട് രജിസ്ട്രേഷനിൽ നിന്നും നികുതി അടച്ചിട്ടുണ്ടാകാം. ഇനി വേണ്ടത് പൂർണ്ണനികുതി അടച്ചിട്ടുണ്ടോയെന്ന് റീ അസസ് ചെയ്യേണമെന്നതാണ്. അതു വകുപ്പ് പരിശോധിച്ച് വ്യക്തത വരുത്തും. അതിനു നടപടി ക്രമങ്ങളുണ്ട്. പക്ഷേ, ഇതിലെന്ത് അഴിമതി? നികുതി അടച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയാനുള്ള മര്യാദ കുഴൽനാടൻ കാണിക്കണം.

എന്തിനാണ് കുഴൽനാടൻ ഇത്ര ഒരു വളഞ്ഞ വഴിയിലേക്കു പോയത്? കാരണം അദ്ദേഹത്തിനെതിരെ ഗുരുതരമായ ആക്ഷേപങ്ങളാണ് സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി സ. സി.എൻ. മോഹനൻ ഉന്നയിച്ചത്. 

1) വരവിൽ കവിഞ്ഞ ഭീമമായ സ്വത്ത് സമ്പാദിച്ചത്.

2) അങ്ങനെ ആർജ്ജിച്ച ചിന്നക്കനാലിലെ സ്വത്തിൽ നിയമവിരുദ്ധമായാണ് റിസോർട്ട് പ്രവർത്തിപ്പിക്കുന്നത്.

3) ഭൂമി രജിസ്ട്രേഷൻ ചെയ്തപ്പോൾ പൂർണ്ണമായ നികുതി നൽകിയിട്ടില്ല.

ഇവയ്ക്കൊക്കെ കൃത്യമായിട്ടു വിശദീകരണം നൽകുന്നതിനു പകരം ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ജി.എസ്.ടി പ്രത്യാരോപണം ഉന്നയിച്ചത്.

അദ്ദേഹത്തിന്റെ കണക്കുകൾ പരിശോധിക്കുന്നതിന് എന്നെ ക്ഷണിക്കുകയുണ്ടായി. പക്ഷേ, കണക്കു പരിശോധനയിൽ എനിക്ക് അത്ര പ്രാവീണ്യം ഇല്ല. ഞാൻ പഠിച്ചത് അക്കൗണ്ടൻസിയല്ല ധനശാസ്ത്രമാണ്. അതുകൊണ്ട് സദയം ക്ഷമിക്കുക. അന്നത്തെ ജി.എസ്.ടി പത്രസമ്മേളനത്തിൽ ഉത്തരം പറയാൻ വിശദീകരിച്ച ചോദ്യങ്ങൾക്ക് അങ്ങു തന്നെ മറുപടി പറയുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി കേസിന് പിന്നാലെ ഒളിവിലെന്ന് സൂചന, ഫോൺ കണ്ടെത്താൻ പൊലീസ്, ഇൻസ്റ്റാഗ്രാം വിവരങ്ങൾ ശേഖരിക്കുന്നു
ജമാഅത്തെ ഇസ്ലാമി വേദിയിലെത്തി മന്ത്രി വി അബ്ദുറഹ്മാൻ; പരിപാടിയിൽ പങ്കെടുത്തത് സിപിഎം വിമർശനം തുടരുന്നതിനിടെ