
മുംബൈ: തോമസ് കെ തോമസ് എൻസിപി അധ്യക്ഷനായേക്കും. ഇതിന് ശരദ് പവാർ തത്വത്തിൽ അംഗീകാരം നൽകുകയായിരുന്നു. എകെ ശശീന്ദ്രൻ തോമസിനെ പിന്തുണച്ചപ്പോൾ പിസി ചാക്കോയും എതിർത്തില്ല. എന്നാൽ തോമസ് കെ തോമസിനെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത് സംസ്ഥാന നേതൃത്വം വഴിയാകട്ടെയെന്നും ശരദ് പവാർ പ്രതികരിച്ചു.
ജില്ലാ പ്രസിഡൻ്റുമാരുടെ പിന്തുണ ഉറപ്പാക്കിയ ശേഷമാണ് തോമസിനെ അധ്യക്ഷ സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്. കേന്ദ്ര നിരീക്ഷകനായി ജിതേന്ദ്ര ആവാഡിനെ കേരളത്തിലേക്ക് അയയ്ക്കും. പവാർ പറഞ്ഞിട്ടും മന്ത്രിമാറ്റം മുഖ്യമന്ത്രി അംഗീകരിക്കാത്തതിൽ വേദനയുണ്ടെന്ന് പിസി ചാക്കോ പറഞ്ഞു. രാജിയ്ക്ക് ഒരു കാരണം മന്ത്രി മാറ്റത്തിൽ തനിക്ക് നേരിട്ട പ്രയാസമാണെന്നും പവാറിനോട് ചാക്കോ പറഞ്ഞു.
പാർട്ടിയിൽ തമ്മിലടി രൂക്ഷമായതോടെയാണ് പി സി ചാക്കോ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചത്. മന്ത്രിമാറ്റത്തെ ചൊല്ലി പോരടിച്ച എ കെ ശശീന്ദ്രനും തോമസ് കെ തോമസും കൈകോര്‍ത്തതോടെയാണ് ചാക്കോ സ്ഥാനമൊഴിഞ്ഞത്. മന്ത്രിമാറ്റത്തെ ചൊല്ലി തുടങ്ങിയ ഏറ്റുമുട്ടലായിരുന്നു പാർട്ടിക്കുള്ളിൽ. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്‍റെ അനുമതിയോടെ പി സി ചാക്കോ നിലപാട് എടുത്തു. എന്നാൽ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു. മന്ത്രിമാറ്റ നീക്കം പാളിയതിന്‍റെ അമര്‍ഷത്തിലായിരുന്ന ചാക്കോ നേരത്തെ തന്നെ രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പോരടിച്ചവര്‍ കൈകോര്‍ത്ത് തനിക്കെതിരെ തിരിഞ്ഞതോടെയാണ് ചാക്കോയുടെ പടിയിറക്കം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam