
കോട്ടയം: യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തിന് പിന്നാലെ കോട്ടയം ഭദ്രാസനത്തിലും പൊട്ടിത്തെറി. ഭദ്രാസാധിപൻ തോമസ് മാർ തീമോത്തിയോസിനെതിരെ ഗുരുതര ആരോപണവുമായി ഭദ്രാസന സെക്രട്ടറിയും കൗൺസിൽ അംഗങ്ങളും രംഗത്തെത്തി. മെത്രാപൊലീത്തയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും അഴിമതികൾ പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സഭാധ്യക്ഷന് പരാതി നൽകി.
സഭാധ്യക്ഷനെതിരായ ശീതസമരം തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയതിന് പിന്നാലെയാണ് കോട്ടയം ഭദ്രാസാധിപനെതിരായ ആരോപണങ്ങളും പുറത്തു വരുന്നത്. കോട്ടയം ഭദ്രാസനമെത്രാപൊലീത്ത സഭയിൽ നടത്തുന്ന സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുണ്ടെന്നാണ് പ്രധാന ആരോപണം.
ഭദ്രാസനത്തിന്‍റെ വരവ് ചെലവുകളുടെ ഓഡിറ്റ് റിപ്പോർട്ട് മെത്രാപൊലീത്ത ഇഷ്ടാനുസരണം തിരുത്തി, കൗൺസിൽ അംഗീകരിക്കാതെ വേറെ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കി, വിവാഹ നടത്തിപ്പുകളുമായി ബന്ധപ്പെട്ട് വ്യാജ റസിപ്റ്റുകൾ തയ്യാറാക്കി സാമ്പത്തിക അഴിമതി നടത്തി, പള്ളിയിലെ വരുമാനം വ്യക്തികളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു, തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ.
മെത്രാപൊലീത്തയുടെ ഭരണത്തിൽ കീഴിൽ ഇടുക്കി പുറ്റടിയിൽ സഭയുടേതായി ഉണ്ടായിരുന്ന കോളേജ് പോലും വ്യക്തികളുടേതായി മാറിയെന്നും പരാതിയിൽ പറയുന്നു. കൂടാതെ വൈദികർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്ന മെത്രാപൊലീത്ത ഇഷ്ടമില്ലാത്ത വൈദികർക്ക് ശമ്പളം നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്യുകയാണ്. വൈദിക സെമിനാരിയിൽ പഠിക്കാത്തവർക്ക് പോലും പട്ടം നൽകിയെന്നും പരാതിയിൽ ആരോപിക്കുന്നു.
ഈ സാഹചര്യത്തിൽ പാത്രിയാർക്കീസ് ബാവ നൽകിയ കൽപ്പനകൾ പാലിക്കാനും ക്രമക്കേടുകൾ പുറത്തു കൊണ്ടുവരാനും സഭാ നേതൃത്വം നടപടിയെടുക്കണമെന്നാണ് സംയുക്തപരാതിയിലെ ആവശ്യം. ഭദ്രാസന സെക്രട്ടറിയും 17 കൗൺസിൽ അംഗങ്ങളുമാണ് സങ്കട ഹർജി സമർപ്പിച്ചത്. പാത്രിയാർക്കീസ് ബാവയുടെ സന്ദർശനം അഞ്ച് ദിവസം മാത്രം അകലെ നിൽക്കെ സഭ നേതൃത്വത്തിന് പുതിയ വെല്ലുവിളിയാണ് കോട്ടയം ഭദ്രാസനത്തിലെ പൊട്ടിത്തെറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam