
പത്തനംതിട്ട: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന് ചികിൽസ നൽകുന്നതിൽ കാലതാമസമോ ചികിൽസയിൽ വീഴ്ചയോ സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കടുവയുടെ ആക്രമണം ഉണ്ടായ ശേഷം രണ്ട് മണിക്കൂറിനോട് അടുത്ത് 11.50ഓടെയാണ് തോമസിനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ആ സമയം തന്നെ രക്തം ഒരുപാട് വാർന്നുപോയ നിലയിലായിരുന്നു.
ആശുപത്രിയിലുണ്ടായിരുന്ന സീനിയർ സർജനും ഫിസിഷ്യനും അടക്കം തോമസിനെ പരിശോധിച്ചു. രക്തം വാർന്നുപോകുന്ന സാഹചര്യത്തിൽ വാസ്കുലർ സർജൻ കാണണമെന്ന് മനസിലാക്കിയാണ് തോമസിനെ സ്റ്റെബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
108 ആംബുലൻസിലാണ് തോമസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. 108 ആംബുലൻസിൽ പരിശീലനം ലഭിച്ച നഴ്സിന്‍റെ സേവനം ലഭ്യമായിരുന്നുവെന്നും മരണ കാരണം അമിത രക്തസ്രാവം ആണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി
തോമസിനെ ആശുപത്രിയിലെത്തിച്ചപ്പോൾ മികച്ച ചികിൽസ കിട്ടിയില്ലെന്നും വിദഗ്ധ ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടായിരുന്നില്ലെന്നും തോമസിന്‍റെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ഇതേക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി ഡിഎംഇയെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam