'കുഞ്ഞിനെയുമെടുത്ത് കയറിൽ തൂങ്ങിപ്പിടിച്ചുനിന്നു'; 40 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് രണ്ട് ജീവനുകൾ രക്ഷിച്ച് തോമസുകുട്ടി

Published : Aug 23, 2025, 09:42 PM IST
Thomaskutty saved two lives from well

Synopsis

കോട്ടയം ഇരവിമംഗലം സ്വദേശി തോമസുകുട്ടിയുടെ സമയോചിത ഇടപെടലിൽ 40 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് രക്ഷപ്പെട്ടത് രണ്ട് ജീവനുകളാണ്

കോട്ടയം: "കൊച്ച് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ വീട് കാണാൻ കയറി. രണ്ട് മിനിറ്റ് പോലുമായില്ല. എന്തോ ശബ്ദം കേട്ട് വന്നുനോക്കുമ്പോൾ കിണറിന്‍റെ വല മാറിക്കിടക്കുന്നു. കൊച്ച് കിണറ്റിൽ വീണുകിടക്കുന്നു. കൊച്ചിന്‍റെ അച്ഛൻ പെട്ടെന്ന് എടുത്തുചാടി. ഞാനും പിന്നാലെ ചാടി"- കോട്ടയം ഇരവിമംഗലം സ്വദേശി തോമസുകുട്ടിയുടെ സമയോചിത ഇടപെടലിൽ 40 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് രക്ഷപ്പെട്ടത് രണ്ട് ജീവനുകളാണ്.

വീടും സ്ഥലവും വാങ്ങാനായി വീട് കാണാൻ എത്തിയതായിരുന്നു മാഞ്ഞൂര്‍ സ്വദേശി സിറിളും രണ്ടര വയസ്സുകാരിയായ മകളും സിറിളിന്‍റെ ഭാര്യയുടെ മാതാപിതാക്കളും. വിദേശത്ത് നഴ്സാണ് സിറിൾ. ഭാര്യയുടെ മാതാപിതാക്കൾക്കായി വീട് വാങ്ങാനാണ് കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിയ്ക്ക് സമീപമുള്ള വീട്ടിലെത്തിയത്. പിന്നീട് സംഭവിച്ചതെന്തെന്ന് തോമസുകുട്ടി വിശദീകരിക്കുന്നു.

"ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3.45ഓടെയാണ് സംഭവം. വീട് വാങ്ങാനെത്തിയവരെ വീടും സ്ഥലവും കാണിക്കാനാണ് ഞാൻ വന്നത്. എന്‍റെ കൂട്ടുകാരന്‍റെ വീടാണ്. താക്കോൽ അയൽപക്കത്തെ ഒരു വീട്ടിലാണ് ഏൽപ്പിച്ചിരുന്നത്. ഞാൻ അവിടെ നിന്ന് താക്കോൽ വാങ്ങി വീട് തുറന്നു മെയിൻ സ്വിച്ച് ഓണാക്കി. കൊച്ച് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. കൊച്ചിന്‍റെ അച്ഛൻ വീട്ടിലേക്ക് കയറി. രണ്ട് മിനിറ്റ് പോലുമായില്ല. എന്തോ ശബ്ദം കേട്ട് പുറത്തേക്ക് ഓടിവന്നപ്പോൾ കിണറിന്റെ വല മാറിക്കിടക്കുകയായിരുന്നു. കിണറിന്‍റെ ആൾമറയ്ക്ക് പൊക്കം കുറവാണ്. കൊച്ച് എങ്ങനെയോ തെന്നി വീണതാവാം. കൊച്ചിന്‍റെ അച്ഛൻ പെട്ടെന്ന് എടുത്തുചാടി.

പിന്നാലെ ഞാനും കല്ലിൽ പിടിച്ച് കിണറ്റിലേക്ക് ഇറങ്ങി. തെന്നിക്കിടക്കുന്നതു കൊണ്ട് എളുപ്പമായിരുന്നില്ല ഇറങ്ങൽ. അച്ഛൻ മുങ്ങിപ്പോകാതെ കുഞ്ഞിനെ എടുത്തു. കുട്ടിയുടെ അച്ഛന് ഷോൾഡറിന് എന്തോ പ്രശ്നമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് കുഞ്ഞിനെ ഏറെ നേരം എടുത്ത് നിൽക്കാൻ കഴിയുമായിരുന്നില്ല. മോട്ടോറിന്‍റെ പൈപ്പ് കിണറ്റിലുണ്ടായിരുന്നു. അതിൽ പിടിക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നിട്ട് റിങിൽ ചവിട്ടി ഒരുവിധം അദ്ദേഹം നിന്നു. ഞാൻ കുഞ്ഞിനെ കയ്യിൽ വാങ്ങി. അപ്പോഴേക്കും അയൽക്കാരൊക്ക വന്നു. അവർ കയറൊക്കെ ഇട്ടുതന്നു. പക്ഷേ കിണറിലെ പടികളിലെ വഴുക്കൽ കാരണം അതിൽ പിടിച്ച് കയറാൻ പറ്റുന്നുണ്ടായിരുന്നില്ല. സമീപത്തെ വീട്ടില്‍ കെട്ടിട നിര്‍മാണത്തിന് ന്ന ചേട്ടനും കിണറ്റിലിറങ്ങി. പുള്ളിക്കും വഴുക്കലായതിനാൽ അങ്ങോട്ടോ ഇങ്ങോട്ടോ നീങ്ങാൻ പറ്റാത്ത സ്ഥിതിയായി. കൊച്ചിനെ പുള്ളിയുടെ കയ്യിൽ കൊടുത്തു. ഞാൻ രണ്ട് സ്റ്റെപ്പ് മുകളിൽ കയറിയിട്ട് വീണ്ടും കൊച്ചിനെ പിടിച്ചു. എന്നിട്ടും കയറാൻ രക്ഷയില്ലെന്ന് കണ്ടതോടെ കടുത്തുരുത്തി ഫയർ ഫോഴ്സിനെ വിളിക്കാൻ പറഞ്ഞു.

15 മിനിട്ടോളം കുഞ്ഞിനെയുമെടുത്ത് കയറിൽ പിടിച്ചുനിന്നു. ഫയർ ഫോഴ്സ് വന്നു. വണ്ടി ഇവിടം വരെ വരില്ല. അവർ വടമൊക്കെ ചുമന്നുകൊണ്ടുവന്നു. ഞാനതുവരെ കൊച്ചിനെ പിടിച്ചുകൊണ്ടുനിന്നു. അതിനിടെ ഗോവണിയൊക്കെ ഇട്ടുതന്നു. പക്ഷേ അത് ചളിയിലേക്ക് താഴ്ന്നുപോവുന്നതിനാൽ പിടിച്ചുയറാൻ പറ്റിയില്ല. ഫയർ ഫോഴ്സ് ഇട്ടുതന്ന കൊട്ടയിൽ കുഞ്ഞിനെ ആദ്യം കരയ്ക്ക് കയറ്റി. ഞാൻ പിന്നാലെ കയറിപ്പോന്നു. അതുകഴിഞ്ഞ് കുട്ടിയുടെ അച്ഛനെയും കിണറ്റിലിറങ്ങിയ ചേട്ടനെയും പുറത്തത്തിച്ചു. ആർക്കും ഗുരുതരമായ പരിക്കൊന്നുമില്ലാത്തതിനാൽ ആശ്വാസം"- തോമസുകുട്ടി പറഞ്ഞു. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകനാണ് തോമസുകുട്ടി.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം