
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ പുതിയ വിവരങ്ങൾ. 2022ൽ തകർന്ന കോഴിക്കോട്ടെ കൂളിമാട് പാലം പണിത ഉദ്യോഗസ്ഥൻ തന്നെയാണ് തോരായിക്കടവ് പാലം നിർമാണത്തിനും മേൽനോട്ടം വഹിച്ചത്. ഇരുപാലങ്ങളുടെയും നിർമാണ ചുമതല വഹിച്ച ഉദ്യോഗസ്ഥൻ ആരോപണ നിഴലിലാണ്. 24 കോടിയോളം ചെലവിട്ട് കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബീം ആണ് തകർന്ന് വീണത്.
കോണ്‍ക്രീറ്റിനിടെ പാലത്തിന്റെ മധ്യ ഭാഗമാണ് പുഴയിലേക്ക് മറിഞ്ഞു വീണത്. പിഎംആര്‍ ഗ്രൂപ്പാണ് പാലം നിര്‍മിക്കുന്നത്. പിഡബ്ല്യുഡി കേരള റോഡ് ഫണ്ട് ബോര്‍ഡിന്‍റെ മേൽനോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. എന്നാൽ പദ്ധതിക്ക് ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉണ്ടായിരുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് ഫണ്ട് ബോർഡിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പാലം നിർമ്മാണം. കൂളിമാട് പാലത്തിന്‍റെ നിർമാണ ചുമതല ഉണ്ടായിരുന്ന അന്നത്തെ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചീനീയറിനാണ് തോരായിക്കടവ് പാലത്തിന്‍റെ നിർമാണത്തിനും ചുമതല ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ
കൂളിമാട് പലം തകർന്ന സംഭവത്തിൽ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചീനീയർ ഒഴികെ ബാക്കി എല്ലാവർക്കുമെതിരെ നടപടി സ്വീകരിച്ചിരുന്നു. ഈ ഉദ്യോഗസ്ഥനെതിരെ മാത്രം നടപടി ഉണ്ടായിരുന്നില്ല. മാത്രമല്ല അടുത്ത കാലത്ത് ഈ ഉദ്യോഗസ്ഥൻ സ്ഥാനക്കയറ്റം നേടുകയും ചെയ്തു. ഈ ഉദ്യോഗസ്ഥൻ തന്നെയാണ് തോരായിക്കടവ് പാലം നിർമ്മാണത്തിന്‍റെ ചുമതലയെന്നത് ആരോപണങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.
സംഭവത്തിൽ പാലം തകർന്ന സംഭവത്തിൽ നടപടി ഉണ്ടാകുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി ഉണ്ടാകും. മുൻവിധിയോടെ സമീപിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയ മന്ത്രി പാലം നിർമ്മാണം വൈകാൻ പാടില്ലെന്നും കൂട്ടിച്ചേർത്തു. 18 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം 2023 ജൂലായ് മാസത്തിലായിരുന്നു. രണ്ട് വര്‍ഷമായിട്ടും 65 ശതമാനത്തോളം പണിയാണ് പൂര്‍ത്തിയായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam