ഇടത് ഭരണമാറ്റം അമിത് ഷായുടെ ആഗ്രഹം, 'ടിപ്പണിയെടുക്കുന്നവർ ഒളിച്ചു കടത്തുന്നത് ആരുടെ അജണ്ട'? സാംസ്കാരിക നായകർക്ക് സിപിഎം ജില്ലാ സെക്രട്ടറിയുടെ മറുപടി

Published : Feb 09, 2026, 12:47 PM IST
K V Abdul Khader

Synopsis

കേരളത്തിൽ തുടർഭരണം വേണ്ടെന്ന സാംസ്കാരിക നായകരുടെ അഭിപ്രായത്തെ വിമർശിച്ച് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ. ഇത് അമിത് ഷായുടെ ആഗ്രഹമാണെന്നും, ഈ നിലപാട് എടുക്കുന്നവർ ആർഎസ്എസ് അജണ്ടയാണ് ഒളിച്ചുകടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു

കേരളത്തിൽ തുടർ ഭരണം വേണ്ടെന്നും ഭരണമാറ്റമാണ് നല്ലതെന്നുമുള്ള സാംസ്കാരിക നായകരുടെ അഭിപ്രായത്തിന് മറുപടിയുമായി സി പി എം തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ. കേരളത്തിൽ ഇടതു ഭരണം അവസാനിപ്പിക്കണമെന്നത് അമിത് ഷായുടെ ആഗ്രഹമാണെന്നും അതേ പണി എടുക്കുന്നവർ ആരുടെ അജണ്ടയാണ് ഒളിപ്പിച്ചു കടത്തുന്നതെന്നും അബ്ദുൽ ഖാദർ ചോദിച്ചു. തുടർഭരണം വേണ്ടെന്ന് പറയുന്നവർ കേരളത്തിലെ പത്ത് കൊല്ലത്തെ മുന്നേറ്റം കാണാതെയാണോ പറയുന്നതെന്നും അദ്ദേഹം ആരാഞ്ഞു. അമിത് ഷായുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും ആഗ്രഹത്തിന് കേരളം വഴങ്ങില്ലെന്നും കോൺഗ്രസിന്‍റെ കർണാടക മോഡൽ ദുർഭരണവും ഇവിടെ വേണ്ടതില്ലെന്നും സി പി എം തൃശൂർ ജില്ലാ സെക്രട്ടറി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന്റെ സർഗ്ഗാത്മകത്വം മനുഷ്യ ഐക്യത്തിന്റേതാണ്. അത് നിർബാധം പുലരട്ടെയെന്നും പറഞ്ഞുകൊണ്ടാണ് അബ്ദുൽ ഖാദർ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

തൃശൂർ ജില്ലാ സെക്രട്ടറിയുടെ കുറിപ്പ്

അമിത് ഷാ പറയുന്നു കേരളത്തിൽ ഇടതു ഭരണം അവസാനിപ്പിക്കണം. അതവരുടെ രാഷ്ട്രീയ ആഗ്രഹം. എന്താണ് ആ നിലപാടിന്റെ അടിസ്ഥാനം? വളരെ വ്യക്തം.. തങ്ങൾ മറ്റിടങ്ങളിൽ പ്രാവർത്തികമാക്കുന്ന അജണ്ട ഇവിടെ നടപ്പിലാക്കപ്പെടുന്നില്ല. അതിനാൽ ഇവരെ മാറ്റണം.. അമിത് ഷായുടെ ആഗ്രഹമാണ് ശരിയെന്ന് ടിപ്പണിയെടുക്കുന്നവർ ആരുടെ അജണ്ടയാണ് ഒളിച്ചു കടത്തുന്നത്. സംശയമുണ്ടോ ? ആർ എസ് എസിന്റെ വിപുലപദ്ധതിയിൽ ഒപ്പുവെക്കുന്നതിന് മുമ്പ് ചിന്തിക്കുക.. എവിടേക്ക് സഞ്ചരിക്കാനാണ് അമിത് ഷായുടെ ആഹ്വാനം. ഗുജറാത്തിന്റെയും യു പി യുടെയും വഴിയിൽ നാമെന്തിന് സഞ്ചരിക്കണം..? വളരെ വ്യത്യസ്ഥമല്ലാത്ത മാതൃക കർണ്ണാടകയിൽ കോൺഗ്രസ് കാണിച്ചു തരുന്നുണ്ട്. ബുൾഡോസർ രാജിൽ തങ്ങൾ ബി ജെ പി യുടെ ഒട്ടും പിറകിലല്ലെന്ന് തെളിയിച്ച ഭരണം. കേന്ദ്രം പണ്ട് ഭരിച്ചപ്പോൾ പി വി നരസിംഹ റാവു നടപ്പിലാക്കിയത് ആരുടെ അജണ്ടയായിരുന്നു. പല പല ഉദാഹരണങ്ങൾ ഉണ്ട്. ആ മാതൃകയാണോ കേരളത്തിന് വേണ്ടത് ? കേരളത്തിൽ തുടർ ഭരണം വേണോ എന്ന് സന്ദേഹിക്കുകയും അതിൽ പരസ്യ പ്രസ്താവന നടത്തുകയും ചെയ്യുന്നവർ കേരളത്തിന്‍റെ പത്ത് വർഷകാലത്തെ മുന്നേറ്റം കാണാതെയാണോ ഇങ്ങിനെ പറയുന്നത്. കേരളത്തിന്റെ അഭിമാനമായ വികസന പ്രൊജക്റ്റുകൾ യാഥാർത്ഥ്യമായത് എങ്ങിനെയെന്ന് കൂടി ഇക്കൂട്ടർ പറയണം. ദേശീയ പാത 66, ഗെയിൽ, വിഴിഞ്ഞം, വാട്ടർ മെട്രോ, കൂടംകുളം കൊച്ചി പവർ ഹൈവേ, അനവധി കുടിവെള്ള പദ്ധതികൾ. മേൽപ്പാലങ്ങൾ, യു ഡി എഫ് കാലത്ത് 18 മാസം കൂടിശ്ശികയാക്കിയ (600 രൂപ) ക്ഷേമ പെൻഷൻ രണ്ടായിരമാക്കി മുടക്കാതെ നൽകുന്നത്. സ്ത്രീ സുരക്ഷാ പദ്ധതി ഇതെല്ലാം എങ്ങിനെയാണ് നമ്മുടെ കൺമുന്നിൽ സംഭവിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹ്യ അന്തരിക്ഷം കേരളത്തിലാണ്. ക്രമസമാധാന പാലനത്തിലും മനുഷ്യർ തമ്മിലുള്ള സൗഹാർദ്ദങ്ങളിലും ഗോഡ്സ് ഓൺ കൺട്രിയാണ് കേരളം. യു ഡി എഫ് ഭരിച്ച കാലങ്ങൾ നമ്മുടെ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ല. സംഭവങ്ങൾ വീണ്ടും ഇവിടെ നിരത്തുന്നില്ല. ആകയാൽ ചോദിക്കുന്നു. ഇതെല്ലാം തിരിച്ചു കൊണ്ടു വരണമോ ? അമിത് ഷായുടെയും അദ്ദേഹത്തിന്റെ പാർട്ടിയുടെയും ആഗ്രഹത്തിന് കേരളം വഴങ്ങില്ല.. കർണ്ണാടക മോഡൽ ദുർഭരണവും ഇവിടെ വേണ്ടതില്ല. കേരളത്തിന്റെ സർഗ്ഗാത്മകത്വം മനുഷ്യ ഐക്യത്തിന്റേതാണ്. അത് നിർബാധം പുലരട്ടെ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല കൊടിമര പുന:നിർമ്മാണത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ച് ഹൈക്കോടതി; അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്ക്
'ഇത് ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ്, ഇടുക്കി സീറ്റ് ഞങ്ങളുടേത്', കോൺഗ്രസ് അവകാശമുന്നയിച്ചിട്ടില്ലെന്നും പിജെ ജോസഫ്