'ബഷീറിന്റെ മരണത്തിന് ഉത്തരവാദികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല'; മുഖ്യമന്ത്രി

Published : Aug 03, 2019, 09:42 PM ISTUpdated : Aug 03, 2019, 09:50 PM IST
'ബഷീറിന്റെ മരണത്തിന് ഉത്തരവാദികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ല'; മുഖ്യമന്ത്രി

Synopsis

'ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ എല്ലാ കാര്യങ്ങളും ചെയ്യും. ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തിൽ അനുവദിക്കില്ല'. 

തിരുവനന്തപുരം: സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ കെ മുഹമ്മദ് ബഷീര്‍  കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികള്‍ നിയമത്തിന് മുമ്പില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യധികം വിഷമിപ്പിച്ച സംഭവമാണിതെന്നും കേസില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതി വിപുലപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

തലസ്ഥാനത്തെ മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ മരണമടഞ്ഞത് അത്യധികം വ്യസനം ഉണ്ടാക്കിയ അനുഭവമാണ്. വാർത്താ സമ്മേളനങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്ന ബഷീർ ആരുടെയും മനസ്സിൽ പതിയുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ബഷീറിന്റെ മുഖം അവസാനമായി കണ്ടപ്പോൾ ഒരു കുടുംബാംഗം വിടപറഞ്ഞ വികാരമാണ് ഉണ്ടായത്. ബഷീർ അടക്കമുള്ള മാധ്യമപ്രവർത്തകർ സവിശേഷമായ സാഹചര്യത്തിൽ തൊഴിൽ എടുക്കുന്നവരാണ്. ജോലിയുടെ ഭാഗമായ ഒരു യോഗത്തിനു ശേഷം കൊല്ലത്തുനിന്ന് തിരിച്ചെത്തി അന്നത്തെ പത്രം അച്ചടിക്കുവേണ്ട ആശയവിനിമയം നടത്തിയതിനു തൊട്ടുപിന്നാലെയാണ് വഴിയിൽ ബഷീറിന് ദാരുണമായ അന്ത്യമുണ്ടായത്.

മാധ്യമപ്രവർത്തകർ അനുഭവിക്കുന്ന പ്രത്യേകമായ തൊഴിൽ സാഹചര്യത്തിന്റെ ഫലമായിട്ട് കൂടിയാണ് ആ സമയത്ത് ബഷീറിന് യാത്ര ചെയ്യേണ്ടി വന്നതും ജീവൻ നഷ്ടപ്പെട്ടതും. ആ അപകടവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഗൗരവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായ ആരും നിയമത്തിനു മുന്നിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ എല്ലാ കാര്യങ്ങളും ചെയ്യും. ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും അക്കാര്യത്തിൽ അനുവദിക്കില്ല. അതോടൊപ്പം മാധ്യമപ്രവർത്തകരുടെ തൊഴിൽ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കുടുതൽ ഉറപ്പാക്കാൻ വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കും. മാധ്യമപ്രവർത്തകർക്കായി ഒരു ഇൻഷുറൻസ് പദ്ധതി നിലവിലുണ്ട്. അത് വിപുലപ്പെടുത്തുകയും ഏതു സങ്കീർണമായ അപകട ഘട്ടങ്ങളെയും തരണം ചെയ്യാൻ പര്യാപ്തമാകും വിധത്തിലും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലും പുനക്രമീകരിക്കുകയും വേണം. അതിനാവശ്യമായ നടപടികൾ അടിയന്തര പ്രാധാന്യത്തോടെ ഗവൺമെന്റ് സ്വീകരിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വാളയാർ ആൾക്കൂട്ടക്കൊലപാതകം: തല മുതൽ കാൽ വരെ 40-ലധികം മുറിവുകൾ, കൊലപ്പെടുത്തിയത് വടികൊണ്ട് അടിച്ചും മുഖത്ത് ചവിട്ടിയും, റിമാൻഡ് റിപ്പോർട്ട്