ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്‍റെ സന്ദര്‍ശനം വലിയ സന്തോഷം നൽകുന്നതാണെന്നും ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വലിയ ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി. ഫ്രാന്‍സ് ഇന്ത്യയുടെ സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാര്‍ട്ണറാണെന്നും മോദി
ദില്ലി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്‍റെ ഇന്ത്യ സന്ദര്‍ശനം വലിയ സന്തോഷം നൽകുന്നതാണെന്നും ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ വലിയ ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇമ്മാനുവൽ മാക്രോണിനൊപ്പം സംയുക്തവാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സ് ഇന്ത്യയുടെ സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാര്‍ട്ണറാണെന്നും മോദി പറഞ്ഞു. ആഗോള സ്ഥിരത-പുരോഗതി എന്നിവയ്ക്കായുള്ള പങ്കാളിയാണ് ഫ്രാന്‍സ്. ഇപ്പോള്‍ ഉദ്ഘാടനം ചെയ്ത എച്ച് 125 ഹെലികോപ്ടര്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കും. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വ്യാപാരത്തിന് ഒരു തടസവുമില്ല. ഫ്രാന്‍സുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വലിയ വഴിത്തിരിവായി. നമ്മുടെ കമ്പനികള്‍ക്കും ഇത് ഇരട്ടനികുതി ഒഴിവാക്കുന്തിന് സഹായകമായി. ഒറ്റയ്ക്ക് നിൽക്കുമ്പോള്‍ അല്ല, കൈക്കോര്‍ക്കുമ്പോഴാണ് പുതിയ കണ്ടുപിടിത്തങ്ങളുണ്ടാകുന്നതെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചേര്‍ന്ന് വെര്‍ച്വൽ കോണ്‍ഫറന്‍സിലൂടെ കര്‍ണാടകയിലെ വെമഗലിൽ എച്ച് 125 ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറിന്‍റെ അവസാനഘട്ട അസംബ്ലിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ടാറ്റയും എയര്‍ബസും ചേര്‍ന്നാണ് ഹെലികോപ്ടര്‍ നിര്‍മിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ദില്ലിയിൽ നടക്കുന്നപ്രഥമ ആഗോള എഐ ഉച്ചകോടിക്കെത്തിയതാണ് ഇമ്മാനുവൽ മാക്രോണ്‍. ദില്ലിയിലെ ഭാരത് മണ്ഡപത്തിലാണ് എഐ ഉച്ചകോടി. ഉച്ചകോടിയിൽ ലോകത്തെ പ്രമുഖ സാങ്കേതിക കമ്പനികളുടെ തലവന്മാരും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. യുകെ, ദക്ഷിണ കൊറിയ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ശേഷം എഐ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യമായി ഇന്ത്യ മാറി. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയിൽ നടക്കുന്ന ആദ്യ ഉച്ചകോടി കൂടിയാണിത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് പുറമെ, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബ്രസീൽ പ്രസിഡന്റ് ലുല ഡസിൽവ എന്നിവരും പങ്കെടുക്കുന്നുണ്ട്. സുന്ദർ പിച്ചൈ, ഡെമിസ് ഹസാബിസ്, ബ്രാഡ് സ്മിത്ത് തുടങ്ങി നൂറിലധികം കമ്പനികളുടെ പ്രതിനിധികൾ ഉച്ചകോടിയുടെ ഭാഗമാകുന്നുണ്ട്.


