'ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചവർ ഗത്യന്തരമില്ലാതെ മാളത്തില്‍ നിന്ന് പുറത്തുവന്നു', വിജയരാഘവനെതിരെ പിഎംഎ സലാം

By Web TeamFirst Published Aug 9, 2021, 9:44 PM IST
Highlights

സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ പിഎംഎ സലാം. പാര്‍ട്ടിയുടെ ദിവസക്കൂലിക്കാരെ ഉപയോഗിച്ച് മുസ്ലീം ലീഗിലും പാണക്കാട് കുടുംബത്തിലും ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക്  അവസാനം ഗത്യന്തരമില്ലാതെ ഇപ്പോള്‍ മാളത്തില്‍ നിന്ന് പുറത്ത് വരേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു.  

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെ പിഎംഎ സലാം. പാര്‍ട്ടിയുടെ ദിവസക്കൂലിക്കാരെ ഉപയോഗിച്ച് മുസ്ലീം ലീഗിലും പാണക്കാട് കുടുംബത്തിലും ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക്  അവസാനം ഗത്യന്തരമില്ലാതെ ഇപ്പോള്‍ മാളത്തില്‍ നിന്ന് പുറത്ത് വരേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു.  

മുഈനലി ശിഹാബ് തങ്ങളുടെ കുറിപ്പ് അവശേഷിക്കുന്ന എല്ലാത്തിനുമുളള ഉത്തരമാണ്. തങ്ങളുടെ കുറിപ്പിന് അടിവരയിടുന്നു.'കലക്കവെളളത്തില്‍ മീന്‍പിടിക്കാന്‍ ആരും തുനിയേണ്ട'- അദ്ദേഹം കൂട്ടിച്ചേർത്തു.

അധികാരം നഷ്ടമാകുമ്പോള്‍ തകരുന്ന പ്രസ്ഥാനമല്ല മുസ്ലീം ലീഗെന്ന് കേരള രാഷ്ട്രീയ ചരിത്രം സാക്ഷിയാണ്.  കോടികളുടെ അഴിമതിക്കേസുകളും ബാങ്ക് തട്ടിപ്പുകളും നിയമസഭാ ആക്രമക്കേസും കൊവിഡ് മാനേജ്മെന്‍റിലെ ദയനീയ പരാജയവും കൊണ്ട് പ്രതിരോധത്തിലായ സിപിഎമ്മിന്‍റെ  അവസാനത്തെ കച്ചിത്തുരുമ്പായിരുന്നു ലീഗിലുണ്ടാകുമെന്ന് പ്രതീക്ഷിച്ച കലഹം. 

ആഭ്യന്തര കലഹത്താല്‍ വെട്ടിനിരത്തപ്പെട്ട നേതാക്കളും ജീവിച്ചിരിക്കുന്ന രക്തസാക്ഷികളും ഇപ്പോഴും അവശേഷിക്കുന്ന ഏക പാര്‍ട്ടിയാണ് സിപിഎം എന്നത് പാര്‍ട്ടി സെക്രട്ടറി വിസ്മരിക്കരുതെന്നും വിജയരാഘവന് മറുപടിയായി പിഎംഎ സലാം പറഞ്ഞു.

ലീഗിന് അധികാരം കിട്ടാത്തതിന്റെ നിരാശയാണെന്ന് എ വിജയരാഘവന്‍ പറഞ്ഞിരുന്നു. മുസ്ലീം ലീഗിലെ വിവാദത്തിന് പിന്നില്‍ സിപിഎം ആണെന്ന ആരോപണം പരിഹാസ്യമാണ്. ലീഗ് ചെന്നെത്തിയ ദുരവസ്ഥ ഏവര്‍ക്കുമറിയാം. ചന്ദ്രിക പത്രത്തിന് ഇഡി നോട്ടീസ് അയച്ചതടക്കം എല്ലാ ആരോപണങ്ങൾ വസ്തുതകളാണ്.  സിപിഎമ്മിനെതിരെ ആരോപണമുന്നയിച്ച് ലീഗിന് തടിതപ്പാന്‍ കഴിയില്ലെന്നും എ വിജയരാഘവന്‍  പറഞ്ഞിരുന്നു. ലീഗിനെതിരെ ഉയരുന്ന വിവാദങ്ങള്‍ സിപിഎം സൃഷ്ടിയാണെന്ന കുഞ്ഞാലിക്കുട്ടിയുടെ ആരോപണത്തിനുള്ള മറുപടിയായിരുന്നു ഇത്.

click me!