
കോഴിക്കോട്: കക്കയം ഡാമില്‍ നിന്നും വെള്ളം തുറന്നു വിടുകയും കനത്ത മഴ ശക്തിയായി തുടരുകയും ചെയ്തതിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ രൂക്ഷമായ വെള്ളപ്പൊക്കം. ഇതുവരെ വെള്ളം കയറാത്ത നിരവധി പ്രദേശങ്ങളില്‍ ഇതാദ്യമായി ഇന്നലെ രാത്രിയോടെ വെള്ളപ്പൊക്കമുണ്ടായി.
മാവൂരില്‍ രണ്ടായിരം പേരും കുന്ദമംഗലത്ത് മുന്നൂറ് പേരും കുടുങ്ങി കിടക്കുന്നതായാണ് വിവരം. മാവൂര്‍ മേഖലയില്‍ രോഗബാധിതരായ ആളുകളെ സ്ട്രക്ച്ചറില്‍ കിടത്തി പുറത്തേക്ക് കൊണ്ടു വരികയാണ് നാട്ടുകാര്‍. ആംബുലന്‍സുകള്‍ക്കോ ബോട്ടുകള്‍ക്കോ അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ഇതിനാല്‍ നാട്ടുകാര്‍ കാല്‍നടയായി പോയാണ് രോഗികളെ എടുത്തു വരുന്നത്.
മാവൂരിലെ ഒറ്റപ്പെട്ട മേഖലയില്‍ അസുഖബാധിതനായിരുന്ന ഒരാള്‍ ശനിയാഴ്ച രാവിലെയോടെ മരണപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ മൃതദേഹം കൊണ്ടു വരാനായി നാട്ടുകാര്‍ മയ്യത്ത് കട്ടിലുമായി പോയിട്ടുണ്ട്. കോഴിക്കോട് എംപി എംകെ രാഘവന്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.
ആംബുലന്‍സുകള്‍ ലഭിക്കാത്തതിനാല്‍ പൊലീസ് ജീപ്പിലടക്കം രോഗികളെ ആശുപത്രികളിലെത്തിച്ചു കൊണ്ടിരിക്കുകയാണ്. ജില്ലാ കളക്ടര്‍ സാംബശിവറാവു രാവിലെ മാവൂരില്‍ സന്ദര്‍ശനം നടത്തി. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടുമെന്ന് ജില്ലാ കളക്ടര്‍ നാട്ടുകാരെ അറിയിച്ചു.
കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ അതിശക്തമായ വെള്ളപ്പൊക്കമാണ് ഇന്നലെ രാത്രി അനുഭവപ്പെട്ടത്. വെള്ളനൂർ, വിരുപ്പിൽ, സങ്കേതം എന്നീ പ്രദേശങ്ങളിൽ വീടുകൾക്ക് മുകളിൽ വരെ വെള്ളം കയറി. കോഴിക്കോട് - വയനാട് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു കിടക്കുകയാണ്.
ഉള്‍പ്രദേശങ്ങളിലുള്ള റോഡുകള്‍ പലതും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇതിനിടയില്‍ ശക്തമായ മഴ തുടരുന്നത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്. ദിവസങ്ങളായി വൈദ്യുതി ഇല്ലാത്ത പലസ്ഥലങ്ങളിലും ആളുകളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായ അവസ്ഥയിലാണ്. അതിനാല്‍ ദുരന്തത്തില്‍ യഥാര്‍ത്ഥ ചിത്രം ഇനിയും പുറത്തു വന്നിട്ടില്ല.
ശക്തമായ മഴയാണ് ഇന്നലെ രാത്രിയും കോഴിക്കോട് അനുഭവപ്പെട്ടത്. ഇതോടൊപ്പം കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ കൂടി തുറന്നതോടെ ദുരന്തം ഇരട്ടിക്കുകയായിരുന്നു. ഇന്നലെ രാത്രി മാത്രം 24 ക്യാമ്പുകളാണ് നഗരമേഖലയില്‍ പലയിടത്തായി തുറന്നത്. ജില്ലയിലെ പുഴകളെല്ലാം കര കവിഞ്ഞ് ഒഴുകുന്ന കാഴ്ചയാണ് കാണുന്നത്.
കോരപ്പുഴയ്ക്ക് കുറുകെ കെട്ടിയ നടപ്പാലം ശക്തമായ കുത്തൊഴുകില്‍ ഇന്നലെ ഒലിച്ചു പോയി. കോഴിക്കോട് നഗരത്തിലെ പന്തീരങ്കാവ്, നല്ലളം ബസാർ, കണ്ണാടിക്കൽ, തടമ്പാട്താഴം, മനാരി, തിരുവണ്ണൂർ എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി ശക്തമായ വെള്ളപ്പൊക്കമുണ്ടായി. കടിയങ്ങാട് പാലം,പള്ളിയത്ത്,അഴിയൂർ,ഏറാമല, ഒഞ്ചിയം മേഖലകളിലും വെള്ളം കയറി. അപ്രതീക്ഷിതമായി വെള്ളം പൊന്തിയതിനാല്‍ ഈ മേഖലകളിലെല്ലാം ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam