
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ (CM Pinarayi Vijatan) സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് (Swapna suresh). തനിക്ക് നേരെ ഭീഷണിയുടെ സ്വരം മുഖ്യമന്ത്രിയിൽ നിന്നടക്കമുണ്ടാകുന്നതായി സ്വപ്ന ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിൽ തന്നെ നിശബ്ദയാക്കാൻ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വൻ സംഘത്തിന്റെ അന്വേഷണം നടക്കുന്നതായും സ്വപ്ന കുറ്റപ്പെടുത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേന്ദ്ര സുരക്ഷ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സ്വപ്ന ഇക്കാര്യങ്ങൾ അറിയിച്ചത്. 'തനിക്ക് നിയമ സഹായം കിട്ടുന്ന വഴികളെല്ലാം അടക്കാൻ ശ്രമം നടക്കുകയാണ്. മുൻ വിജിലൻസ് ഡയറക്ടര്‍ എം ആർ അജിത് കുമാർ ഏജന്റിനെ പോലെ പ്രവർത്തിച്ചു. ഇടനിലക്കാരനെ അയച്ച് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു'. താമസിക്കുന്ന ഇടങ്ങളിലടക്കം പൊലീസെത്തി നിരീക്ഷിക്കുന്നുവെന്നും കേരള പൊലീസിനെ പിൻവലിക്കണമെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു.
പൊലീസ് സംരക്ഷണം വേണമെന്ന ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ച സ്വപ്‍ന സുരേഷ്, പൊലീസ് സുരക്ഷയ്ക്ക് പകരം ഇഡി സുരക്ഷ ഒരുക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ വ്യക്തികൾക്ക് കേന്ദ്ര സുരക്ഷ നൽകുന്നതിൽ പരിമതിയുണ്ടെന്നും കോടതി ഉത്തരവുണ്ടെങ്കിൽ സുരക്ഷ നൽകുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്നുമാണ് ഇഡി കോടതിയിൽ മറുപടി നൽകിയത്. ഇതേതുടർന്ന് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
'ആരെയും വഴി തടയില്ല, കറുത്ത വസ്ത്രത്തിന് വിലക്കില്ല', വിശദീകരണവുമായി മുഖ്യമന്ത്രി
അതേ സമയം, സ്വപ്നന സുരേഷിന് എതിരായ ഗൂഢാലോചനക്കേസിൽ ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സ്വപ്ന രാഷ്ട്രീയ നേട്ടത്തിനായി ഗൂഢാലോചനയിൽ കുടുക്കാൻ നോക്കുകയാണെന്നും സൗഹൃദ സംഭാഷണം റെക്കോഡ് ചെയ്ത് കൃത്രിമത്വം കാട്ടി ഇതിനായി ഉപയോഗിച്ചുവെന്നുമാണ് ഹർജിയിൽ പറയുന്നത്. കേസിൽ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ആരോപണങ്ങൾ സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ഇരുവരും മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു. കെ.ടി.ജലീലിന്റെ പരാതിയിന്മേൽ സ്വപ്നയ്ക്കെതിരെ കന്റോൺമെന്റ് പോലീസ് എടുത്ത ഗൂഢാലോചനകേസിൽ ഷാജ് കിരണിനെയടക്കം ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതിനിടെയാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് ലഭിച്ചാൽ എപ്പോൾ വേണമെങ്കിലും ഹാജരാകുമെന്നും ഇരുവരും വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam