
വയനാട്: മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ വയനാട് കളക്ട്രേറ്റിലേക്ക് ഭീഷണിക്കത്ത്. വയനാട് ജില്ലാ കലക്ട്രേറ്റിലേക്ക് എത്തിയ ഭീഷണി കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസഭയിൽ പാഠം പഠിപ്പിക്കുന്നതാണ് എന്ന് കത്തിൽ പറയുന്നു. സിപിഐഎംൽ വയനാട് ഘടകത്തിന്റെ പേരിലാണ് കത്ത് എത്തിയത്. കളക്ട്രേറ്റിലേക്ക് മറ്റൊരു കത്തുകൂടി എത്തി.
യഥാർത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം. സൂക്ഷിച്ചോ വിപ്ലവം വിജയിക്കുമെന്നും കത്തിൽ പറയുന്നു. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ സദസ്സുകൾ തടസ്സപ്പെടുത്തുമെന്നാണ് കത്തിലുള്ളത്. വെവ്വേറ കയ്യക്ഷരമുള്ള രണ്ടു കത്തുകളാണ് വന്നത്. ഉള്ളടക്കങ്ങളിൽ സമാനതയുണ്ട്. കത്തുകിട്ടിയ വിവരം വയനാട് എസ്പി പദം സിങ് സ്ഥിരീകരിച്ചു. പൊലീസ് അന്വേഷണം തുടങ്ങി.
എന്നാൽ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത് ആണെന്ന പ്രചാരണം പൊലീസ് നിഷേധിച്ചു. പതിവനസുരിച്ച് ദളം, വക്താവിൻ്റെ പേരു സഹിതമാണ് സിപിഐ മാവോയിസ്റ്റുകൾ എഴുത്തിടപാടുകൾ, പോസ്റ്ററുകളും കത്തുകളുമെല്ലാം തയ്യാറാക്കാറ്. ജനസദസ്സിനോട് അനുബന്ധിച്ച് ജില്ലയിൽ കനത്ത പൊലീസ് സുരക്ഷയുണ്ട്. നാളെയാണ് ജില്ലയിലെ ജനസദസ്സ്.
നേരത്തെ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതോടെ പരിശോധനകളും സുരക്ഷയും ശക്തമാക്കിയേക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് അടുത്ത ആഴ്ച കോഴിക്കോട്ട് നടക്കാനിരിക്കെ ഭീഷണിക്കത്ത് അതീവ ഗൗരവത്തോടെയാണ് രഹസ്യാന്വേഷണ വിഭാഗം കാണുന്നത്.
ഇന്നലെയാണ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന് ഭീഷണിക്കത്ത് കിട്ടുന്നത്. സിപിഐ(എം.എല്‍) റെഡ് ഫ്ലാഗ് എന്ന പേരിലാണ് കത്ത്. പിണറായി സര്‍ക്കാറിന്‍റെ വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും എന്നാണ് കത്തിലെ പ്രധാന ഭീഷണി. കത്ത് കിട്ടിയ കാര്യം കലക്ടറും രഹസ്യാനേഷണ വിഭാഗവും സ്ഥിരീകരിച്ചു. ഭീഷണിക്കത്ത് കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സ്പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി.
സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരിപാടിക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും നീക്കമുണ്ട്. കേന്ദ്ര ഏജന്‍സികളും ഭീഷണിക്കത്തിനെ കുറിച്ച് വിവരം ശേഖരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് കൊറിയല്‍ പ്രവര്‍ത്തകന്‍ തമിഴ്നാട് സ്വദേശി അനീഷ് ബാബു എന്ന തമ്പിയെ കഴിഞ്ഞ ആഴ്ച കൊയിലാണ്ടിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ച് കനത്ത ജാഗ്രതയിലാണ് പൊലീസ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam