
തിരുവനന്തപുരം: എംഎൽഎയും മുൻ അഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് ഭീഷണിക്കത്ത്. കത്ത് കിട്ടി പത്ത് ദിവസത്തിനകം നാട് വിട്ടില്ലെങ്കിൽ കുടുംബത്തോടൊപ്പം വക വരുത്തുമെന്നാണ് കത്തിൽ ഭീഷണിപ്പെടുത്തുന്നത്. കോഴിക്കോട് നിന്നാണ് കത്തയച്ചതെന്നാണ് വിശദമായ പരിശോധനയിൽ നിന്നും മനസിലാവുന്നത്. സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
തിരുവഞ്ചൂരിനോട് വിരോധമുള്ള ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളാണ് കത്തയച്ചതിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പറഞ്ഞു. തിരുവഞ്ചൂരിനോട് വിരോധമുള്ള ജയിലിലെ ക്രിമിനലുകളാണ് ഇതിനു പിന്നിൽ. തിരുവഞ്ചൂർ അഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ശിക്ഷിക്കപ്പെട്ട പ്രതികളാണ് ഇവർ.
ഇതേക്കുറിച്ച് ഗൗരവമായ അന്വേഷണം വേണം. സംസ്ഥാനത്ത് നടക്കുന്നത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണ്. തിരുവഞ്ചൂർ രാധാകൃഷ്ണന് സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണം. ജയിലിൽ കിടക്കുന്ന ഈ സംഘം, പുറത്ത് ക്വട്ടേഷൻ സംഘങ്ങളെ ഉൾപ്പടെ നിയന്ത്രിക്കുന്നു നിലയാണുള്ളത്. മുൻ ആഭ്യന്തരമന്ത്രിയുടെ ഭാര്യയെയും മക്കളേം കൊല്ലുമെന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ഭയമുണ്ടെന്നും വിഡി സശീതൻ പറഞ്ഞു.
കത്തിലുള്ളത് വടക്കൻ ജില്ലക്കാരുടെ ഭാഷയാണെന്നും വീണ്ടും ജയിലിലേക്ക് പോകണമെന്ന തരത്തിലാണ് കത്തിൽ എഴുതിയിട്ടുള്ളതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ടിപി കേസിൽ ഒരാൾ ജാമ്യത്തിലും ഒരാൾ പരോളിലുമുണ്ട്. ഭാഷയും ശൈലിയും വരികൾക്കിടയിലെ അർത്ഥവും നോക്കിയാൽ ഇവരല്ലാതെ വേറെയാരേയും സംശയിക്കാനില്ല. തനിക്ക് സംരക്ഷണം വേണമെന്ന് പറയുന്നില്ല. പക്ഷേ കത്തിൻ്റെ ഉറവിടം കണ്ടെത്താൻ സർക്കാർ തയ്യാറാവണമെന്നും കാര്യങ്ങൾ മുഖ്യമന്ത്രി ധരിപ്പിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam