
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ സ്വകാര്യ ബസ് തടഞ്ഞ് ഡ്രൈവറുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവല്ല – മല്ലപ്പള്ളി റൂട്ടിലോടുന്ന തിരുവമ്പാടി ബസ്സിലെ ഡ്രൈവർ കലേഷിനെയാണ് നാലംഗം സംഘം ബസ്സിനുള്ളിൽ കയറി ഭീഷണിപ്പെടുത്തിയത്. ഇതേറൂട്ടിലോടുന്ന ജാനകി ബസ്സിലെ ഡ്രൈവറുമായുള്ള തർക്കമാണ് ഭീഷണിക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
മല്ലപ്പള്ളി കടുവാക്കുഴിയിൽ വെച്ചാണ് യാത്രക്കാരുമായി പോയ ബസ്സ് തടഞ്ഞുനിർത്തിയുള്ള വടിവാൾ അഭ്യാസം നടന്നത്. തിരുവല്ല – മല്ലപ്പള്ളി റൂട്ടിലോടുന്ന തിരുവമ്പാടി ബസ്സിലെ ഡ്രൈവർ കലേഷിന്‍റെ കഴുത്ത് വെട്ടുമെന്നായിരുന്നു നാലംഗം സംഘത്തിന്‍റെ ഭീഷണി. കലേഷിനോട് പ്രതികൾക്കുള്ള വൈരാഗ്യത്തിന് കീഴ്വായ്പൂർ പൊലീസ് പറയുന്ന കാരണങ്ങൾ ഇതാണ്.
സമയക്രമത്തിന്‍റെ പേരിൽ തിരുവമ്പാടി ബസ് ഡ്രൈവർ കലേഷും ഇതേ റൂട്ടിലോടുന്ന ജാനകി ബസ്സിന്‍റെ ഡ്രൈവർ കാട്ടാമല രമേശനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് രമേശന്‍റെ സുഹൃത്തുക്കളായ ഉദയൻ, ജയൻ, ജോബിൻ എന്നിവർ ബസ്സിനുള്ളിൽ കയറി വടിവാൾ വീശിയത്. മൂവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ചില സാമ്പത്തിക തർക്കങ്ങളും ഭീഷണിക്ക് കാരണമായെന്ന് പൊലീസ് പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam