
കണ്ണൂർ: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ്റെ കൊലപാതകത്തിൽ (Punnol haridas Murder) മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.. പ്രജിത്ത്, പ്രതീഷ്, ദിനേശ് എന്നിവരെയാണ് അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിലെടുത്തത്.
കൊലപാതകം നടന്ന ദിവസം തന്നെ പേരെ പൊലീസ് ഏഴ് പേരെ കസ്റ്റഡിയിലെടുക്കുകയും ഗൂഢാലോചനക്കുറ്റം ചുമത്തി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
രണ്ട് ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പൊലീസിൻ്റെ നിഗമനം. എന്നാൽ നാല് പേരല്ല ആറ് പേരാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. നാല് പേർ രണ്ട് ബൈക്കുകളിലായി എത്തിയത് കൂടാതെ ഇവർക്ക് ഒത്താശയുമായി മറ്റു രണ്ട് പേർ കൂടി സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഹരിദാസനെ വധിക്കാൻ നാല് തവണ ശ്രമം നടന്നുവെന്നും നാലാമത്തെ ശ്രമത്തിലാണ് ഹരിദാസനെ വധിക്കാൻ പ്രതികൾക്ക് സാധിച്ചതെന്നും അന്വേഷണസംഘം പറയുന്നു. ഇതോടെ ആദ്യത്തെ മൂന്ന് തവണ അക്രമം നടത്താൻ ഒത്തുകൂടിയവരെ പ്രതികളായി കൊലപാതക ഗൂഢാലോചനയ്ക്ക് പുതിയ കേസും കൂടി പൊലീസ് രജിസ്റ്റർ ചെയ്യും. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റു ചിലർ കൂടി ഇനി പിടിയിലാവാൻ ഉണ്ടെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നിൽ വച്ച് ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചു. കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുപതോളം വെട്ടേറ്റാണ് ഹരിദാസൻ കൊല്ലപ്പെട്ടതെന്നായിരു്നനു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ബിജെപി വാർഡ് കൗൺസിലർ ലിജേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ എടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ജില്ലയിൽ കൊലയാളികൾക്കായി പരിശോധന ശക്തമാക്കി. അടുത്ത ദിവസം തന്നെ ഗൂഢാലോചനയിൽ പങ്കെടുത്ത 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പിന്നെ അന്വേഷണം തണുപ്പൻ മട്ടിലായിരുന്നു. ആദ്യഘട്ടത്തിൽ ഉണ്ടായ ആവേശം പൊലീസിന് ഇല്ലാതായി.
കൊലയാളി സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന നിജിൽ ദാസിനെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.. ഇതിനിടെ ലിജേഷിന്‍റെ ബന്ധുവായ പൊലീസുകാരനിലേക്കും അന്വേഷണം നീണ്ടു. ആത്മജൻ എന്നയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രങ്ങൾ ആരോപിക്കുന്നുവെങ്കിലും ഈ വാദം പൊലീസ് തള്ളിക്കളയുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam