
തൃശൂര്‍: തൃശൂർ മരോട്ടിച്ചാൽ റിജു വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. പ്രതികള്‍ 3,10,000 രൂപ പിഴയും അടയ്ക്കണമെന്നും കോടതി വിധിച്ചു. തൃശൂര്‍ ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ രണ്ടാം പ്രതിയായ മാന്ദാമംഗലം സ്വദേശി കുഞ്ഞുമോൻ എന്ന ഷെറി (36), ആറാം പ്രതിയായ മരോട്ടിച്ചാൽ സ്വദേശി പ്രകാശൻ (38), ഏഴാം പ്രതിയായ മരോട്ടിച്ചാൽ സ്വദേശി അനൂപ് (39) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ കൂടുതൽ വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. പിഴ തുക കൊല്ലപ്പെട്ട റിജുവിന്‍റെ ബന്ധുക്കള്‍ക്ക് കൈമാറണം. 2010 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം.
കല്ലൂർ- മരോട്ടിച്ചാൽ റൂട്ടിലെ സ്വകാര്യ ബസ് സർവീസിന്‍റെ സമയത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വകാര്യബസ് സമയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 2010 ജൂലൈയിൽ ബസുടമയുടെ സഹോദരൻ റിജുവിനെ സംഘം ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. റിജുവിന്‍റെ സഹോദരൻ ബിജുവിന്‍റെ ബസ് തല്ലിപ്പൊളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഒന്നാം പ്രതി കീടായി ബൈജുവിന്‍റെ നേതൃത്വത്തിൽ സംഘം ചേർന്ന് നടത്തിയ ആക്രമണത്തിലാണ് റിജു കൊല്ലപ്പെട്ടത്.
ഒല്ലൂർ സർക്കിൾ ഇൻസ്പെക്ടർ എം.കെ. കൃഷ്ണൻ അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിൽ ഏഴു പ്രതികളാണുണ്ടായിരുന്നത്. വിചാരണ തുടങ്ങുന്നതിനു മുൻപ് ഒന്നാം പ്രതി മരിച്ചു. വിചാരണ നടപടികൾക്കിടെ നാലാം പ്രതിയും മരിച്ചു. വിചാരണയ്ക്കിടെ ഒളിവിൽ പോയ മൂന്നാം പ്രതിയുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ചികിത്സയിൽ കഴിയുന്ന അഞ്ചാം പ്രതിയെയും മാറ്റിനിർത്തിയാണ് കേസിലെ രണ്ട്, ആറ്, ഏഴ് പ്രതികൾക്കെതിരായി കോടതി ശിക്ഷ വിധിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam